രാജാക്കാട്:നെടുങ്കണ്ടം പോളിടെക്നിക്കിന്റെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അഞ്ച് വിദ്യാർത്ഥിനികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം സ്വദേശിനി അന്ന ഏലിയാസ് (19), തൃശ്ശൂർ സ്വദേശിനി വിദ്യ ബേബി (18), ആലപ്പുഴ സ്വദേശിനി ഗായത്രി സജീവ് (18), പത്തനംതിട്ട സ്വദേശിനി ശ്രുതി രാജ് (18), ഇടുക്കി സ്വദേശിനി ആഗ്നസ് ടോമി (18) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നതിനാൽ ഇവർക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനായില്ല. ബുധനാഴ്ച ഭക്ഷണത്തിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കഴിച്ച കോഴിക്കറിയിൽനിന്നാണ് വിഷബാധ ഉണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പരിശോധന നടത്തി. കോളേജ് കാമ്പസിനുള്ളിലെ വനിതകളുടെ ഹോസ്റ്റലിൽ 11 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമാണ് താമസിക്കുന്ന്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്ന സ്ത്രീയാണ് ഹോസ്റ്റലിൽ ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ ഭക്ഷണത്തിനുള്ള സാധനങ്ങൾ കുട്ടികൾ തന്നെയാണ് വാങ്ങി നൽകിയിരുന്നത്. എന്നാൽ ഈ മാസം മുതൽ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം പാചകക്കാരിയാണ് സാധനങ്ങൾ വാങ്ങുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

'' അവശനിലയിലായിട്ടും ആശുപത്രിയിലെത്തിച്ചില്ല: വിദ്യാർത്ഥികൾ

ഛർദിയും വയറുവേദനയും വ്യാഴാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ കോളേജ് അധികൃതർ തയാറായില്ല. അവശനിലയിലായ പെൺകുട്ടികളെ കോളേജ് യൂണിയൻ ഭാരവാഹികളാണ് വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം വീട്ടിലറിയിച്ചാൽ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഹോസ്റ്റലിലെ കുടിവെള്ള ടാങ്ക് ശുചീകരിക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിരുന്നെങ്കിലും ഇതിനുള്ള നടപടികൾ അധികൃതർ ഇതുവരെയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിയതായി യൂണിയൻ ചെയർമാൻ മുഹമ്മദ് സഹൽ, ചെയർപേഴ്സൺ എലിസബത്ത് ടോം എന്നിവർ അറിയിച്ചു.

 ലക്ഷണങ്ങൾ ഭക്ഷ്യ വിഷബാധയുടേത്

കുട്ടികൾക്കുണ്ടായ ലക്ഷണങ്ങൾ ഭക്ഷ്യ വിഷബാധയുടേതാണെന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ അറിയിച്ചു. കുട്ടികളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷമേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാവുകയുള്ളു.

'' ആരോപണങ്ങൾ അടിസ്ഥാന രഹിതം "

കുട്ടികളുടെയും കോളേജ് യൂണിയൻ ഭാരവാഹികളുടെയും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നതിന് സ്ഥിരീകരണമില്ല. കുട്ടികൾ പുറത്തുനിന്നു കഴിച്ച ഭക്ഷണമാവാം പ്രശ്നത്തിന് കാരണം. പ്രിൻസിപ്പൽ ഉൾപ്പെടെ 9 അദ്ധ്യാപകർ ഭക്ഷണം കഴിക്കുന്നതും താമസിക്കുന്നതും ഹോസ്റ്റലിൽ നിന്നുതന്നെയാണ്. അവർക്കോ, മറ്റ് ആറ് വിദ്യാർഥികൾക്കോ യാതൊരു കുഴപ്പവുമില്ല. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ഹോസ്റ്റൽ മെസ്സിൽ ഇറച്ചി പാചകം ചെയ്യുന്നത് നിർത്തി.

- പ്രിൻസിപ്പൽ (നെടുങ്കണ്ടം പോളിടെക്നിക് )