രാജാക്കാട്: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് അനുവദിച്ച 4 പ്രധാന പദ്ധതികൾക്ക് കിഫ്ബി ഡയറക്ടർ ബോർഡിന്റെ സാമ്പത്തിക അനുമതി. റോഡ്, ആശുപത്രി, ശുദ്ധജലവിതരണം, സ്റ്റേഡിയം നവീകരണം എന്നിവയ്ക്കായി 272.3 കോടി രൂപയാണ് കിഫ്ബി ഡയറക്ടർ ബോർഡ് അനുവദിച്ചത്. ഹൈറേഞ്ചിനെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഉടുമ്പൻചോലരാജാക്കാട്ചിത്തിരപുരം റോഡിന്റെ നിർമാണത്തിനാണ് കൂടുതൽ തുക.145.6 കോടി രൂപയാണ്ഇതിനായി അനുവദിച്ചിരിക്കുന്നത്.റോഡിന്റെ അടങ്കൽ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് മന്ത്രി എം.എം.മണി നിർദേശം നൽകി. ഉടുമ്പൻചോല ചെമ്മണ്ണാർമാങ്ങാത്തൊട്ടി നടുമറ്റം എൻ.ആർ.സിറ്റിപുന്നസിറ്റിമുല്ലക്കാനം ബൈസൺവാലി കുഞ്ചിത്തണ്ണി പാലം വഴി ചിത്തിരപുരം രണ്ടാംമൈൽ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് റോഡ് നിർമിക്കുന്നത്. ഉടുമ്പൻചോല രണ്ടാംമൈൽ റോഡിന്റെ നവീകരണത്തിന് ദേശീയം ഭാഗത്തെ പാലം ഒഴിവാക്കണമെന്നും, മാങ്ങാത്തൊട്ടി നടുമറ്റം റൂട്ട് റോഡ് നവീകരണത്തിൽനിന്ന് ഒഴിവാക്കണമെന്നുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മണി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മൂന്നാറുമായി ബന്ധിപ്പിക്കുന്ന ദേശീയം പാലം ഒഴിവാക്കാതെ എസ്.എൻ.ജങ്ഷൻമാങ്ങാത്തൊട്ടി വഴി നടുമുറ്റത്തേക്ക് എത്തുന്നവിധത്തിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരന് പ്രത്യേകം കത്ത് നൽകിയതായും മന്ത്രി മണി അറിയിച്ചു. അയ്യപ്പൻകോവിൽ ശുദ്ധജല വിതരണപദ്ധതിക്ക് 47 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നെടുങ്കണ്ടത്തെ നിർദിഷ്ട ജില്ലാ ആശുപത്രിയുടെ കെട്ടിടനിർമാണത്തിന് 70.3 കോടിയും, നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം ആധുനിക ഫ്ളഡ്ലിറ്റ് സൗകര്യത്തോടെ നവീകരിക്കാൻ 9.4 കോടിയും അനുവദിച്ചു. ജില്ലാ ആശുപത്രിയുടെ നിർമ്മാണം ഉടനെ തുടങ്ങാനാകും. നിലവിലുള്ള ആശുപത്രി സംവിധാനം ഉടനെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പദ്ധതികൾക്ക് സാങ്കേതിക അനുമതികൾകൂടി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി മണി അറിയിച്ചു.