ചെറുതോണി: എം.പി യെ അവഗണിച്ചെന്നാരോപിച്ച് കാർഷിക തകർച്ച നേരിടുന്നവരുടെ കാത്തു നിൽപ്പിനെ അവഗണിച്ച് കൃഷിമന്ത്രിയുടെ വാഹനം ജില്ലാ ആസ്ഥാനത്ത് കൂടെ കടന്ന് പോയതിൽ പ്രതിക്ഷേധം ശക്തമാവുന്നു. വാഴത്തോപ്പ് പഞ്ചായത്ത് നടത്തിയ വികസനോത്സവം പരിപാടിയിൽ നിന്നാണ് അവസാന നിമിഷം കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പിന്മാറിയത്. പ്രളയ തകർച്ചയിൽ ഏറ്റവും കൂടുതൽ നാശ നഷ്ടവും കാർഷിക തകർച്ചയും നേരിട്ടത് വാഴത്തോപ്പ് പഞ്ചായത്തിൽ ആയിരുന്നു. പ്രളയ ദുരിതത്തിന് ശേഷം ആദ്യമായി ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാനെത്തുന്ന കൃഷി മന്ത്രിയെ കാണാനും നിവേദനങ്ങൾ നൽകാനും നിരവധി കർഷകരാണ് വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ എത്തിയത്. എന്നാൽ അവസാന നിമിഷമാണ് മന്ത്രി പരിപാടിയിൽ നിന്നും പിന്മാറിയ വിവരം അറിയുന്നത്. ഈ സമയം മന്ത്രി ജില്ലാ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ തടത്തിൽ ആരോപിച്ചു. പരിപാടിയിൽ നിന്നും ഇടതുപക്ഷം വിട്ടു നിൽക്കുമെന്ന് വെള്ളിയാഴ്ച്ച സി.പി.എം ലോക്കൽ സെക്രട്ടറി പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു. എം പി ജോയിസ് ജോർജിനെ വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതി പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷണിക്കാത്തതാണ് ഇടത് പക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ മന്ത്രിയെ പിൻവലിക്കുന്ന കടുത്ത നടപടികൾക്ക് കാർഷക പാർട്ടി തയ്യാറാകുമെന്ന് ജനങ്ങൾ കരുതിയിരുന്നില്ല. സ്വാഗത പ്രസംഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ തടത്തിലും മന്ത്രി പിന്മാറിയതിനെ തുടർന്നുണ്ടായ കർഷകരുടെ നിരാശയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. മന്ത്രിയുടെ അഭാവത്തിൽ എം.എൽ.എ റോഷി അഗസ്റ്റിനാണ് വികസനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുൻപ് ഇടതുപക്ഷം സംഘടിപ്പിച്ച ഒപ്പം പരിപാടിയിൽ നിന്നും എം എൽ എ റോഷി അഗസ്റ്റിനെ ഒഴിവാക്കിയിരുന്നു. പ്രളയ ദുരിതത്തിന്റെ കെടുതികൾ വിലയിരുത്തുവാൻ എം.എൽ. എ റോഷി അഗസ്റ്റിൻ വിളിച്ച് ചേർത്ത പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നും ഇടതു പക്ഷ മെമ്പർ മാരും വിട്ടു നിന്നിരുന്നു. ഇത്തരത്തിൽ നാട്ടിൽ ജനങ്ങൾ ദുരിതം നേരിടുമ്പോളാണ് ജനങ്ങളെ മറന്ന് ചക്കളത്തി പോരാട്ടം നടക്കുന്നത്.