അടിമാലി: അംഗൻവാടിക്കായി പുതിയ കെട്ടിടം പണികഴിപ്പിച്ചിട്ടും ഇരുളിലിരുന്ന് പഠിക്കാനാണ് അടിമാലി ഇരുമ്പുപാലത്തെ 12 ഓളം കുരുന്നുകളുടെ നിയോഗം. കെട്ടിടം നിർമ്മിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അംഗൻവാടിയിൽ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വൈദ്യുതിക്കൊപ്പം ശുദ്ധജലത്തിന്റെ അപര്യാപ്തതയും അംഗൻവാടി ജീവനക്കാർക്കും കുരുന്നുകൾക്കും വിലങ്ങു തടിയാകുന്നു. അടിമാലി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ പ്രവർത്തിക്കുന്ന 66ാം നമ്പർ അംഗൻവാടിയാണ് വിവാദ കേന്ദ്രം. സമീപത്തെ പന്ത്രണ്ടോളം കുരുന്നുകൾ ഇവിടെ അറിവിന്റെ പാഠം നുകരുന്നു. എന്നാൽ അടിസ്ഥാനപരമായി വേണ്ടുന്ന വൈദ്യുതിയും വെള്ളവും അംഗൻവാടിയിൽ ഇല്ലാത്തതാണ് മാതാപിതാക്കളുടെ പരാതിക്കിടവരുത്തിയിട്ടുള്ളത്. രണ്ട് നിലകളാണ് അംഗൻവാടി കെട്ടിടത്തിനായുള്ളത് .താഴത്തെ നിലയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട് ഏകദേശം രണ്ട് വർഷം കഴിഞ്ഞു. മുകളിലത്തെ നിലയുടെ നിർമ്മാണം കൂടി പൂർത്തീകരിച്ചാലെ വൈദ്യുതി നൽകുകയുള്ളുവെന്ന നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മാതാപിതാക്കൾ പറയുന്നു.
കുട്ടികളിൽ നിന്നും പിരിവെടുത്ത് വെള്ലം വാങ്ങുന്നു
മുകളിലത്തെ നിലയുടെ വയറിംഗും പെയിന്റിംങ്ങും അടക്കമുള്ള ജോലികൾ ഇനിയും തീരേണ്ടതായുണ്ട്. അനുവദിച്ച ഫണ്ട് തീർന്നതുമൂലം മറ്റ് ജോലികളുമായി മുമ്പോട്ട് പോകാനാകില്ലെന്നാണ് നിർമ്മാണം വൈകുന്നത് സംബന്ധിച്ച് മാതാപിതാക്കൾക്ക് ലഭിക്കുന്ന മറുപടി. അംഗൻവാടിക്കിതുവരെ സ്വന്തമായൊരു കുടിവെള്ള ശ്രോതസ്സും ലഭിച്ചിട്ടില്ല. ഓരോ വിദ്യാർത്ഥിയിൽ നിന്നും 40 രൂപ പിരിവെടുത്താണ് പ്രതിമാസം പുറത്തു നിന്നും ശുദ്ധജലം വാങ്ങുന്നത്. താഴത്തെ നിലയിൽ കണക്ഷനുള്ളതിനാൽ ഈ കെട്ടിടത്തിൽ മാത്രം വൈദ്യുതി ലഭ്യമാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ശേഷിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നും ശുദ്ധജലമെത്തിക്കണമെന്നുമുള്ള ആവശ്യവും ഇവർ മുമ്പോട്ട് വയ്ക്കുന്നുണ്ട്.