മൂലമറ്റം: കാലാവധി കഴിഞ്ഞിട്ടും അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കാത്തതിൽ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബിന് അന്ത്യശാസന കത്ത് നല്‍കി. ആദ്യത്തെ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും, പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായി തീരുമാനിച്ചാണ് അറക്കുളം പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് അധികാരത്തില്‍ എത്തിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. തീരുമാനത്തിനു പുറമെ അറക്കുളം മണ്ഡലം കമ്മറ്റിയില്‍ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റിനേയും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രഹസ്യ ചര്‍ച്ച നടന്നതായും പറയുന്നു. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു കത്തു കൊടുക്കേണ്ടി വന്നതെന്നു കോണ്‍ഗ്രസ് നേത്യത്വം അറിയിച്ചു. ജില്ലയിലും, സംസ്ഥാനത്തുമുള്ള കേരള കോണ്‍ഗ്രസ് പ്രവർത്തകർ മുന്നണി ധാരണ പ്രകാരം കരാര്‍ ക്യത്യമായി പാലിക്കുകയും, സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 31 നു മുന്‍പായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.