കട്ടപ്പന: വിള ഇൻഷുറൻസിന് നഷ്ട പരിഹാരം നൽകുമ്പോൾ ഏലം കർഷകരുടെ കാര്യത്തിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. കട്ടപ്പന കൃഷിഭവൻ ഓഫിസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുനിൽകുമാർ. സ്‌റ്റേറ്റ് ഹോർട്ടിമിഷന്റെ 100 കോടിയുടെ പദ്ധതിയാണ് പ്രളയാനന്തര കേരളത്തിന്റെ പുനർസൃഷ്ടിയുടെ ഭാഗമായി കാർഷിക മേഖലയ്ക്കുവേണ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകൾക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സഹായവും ഇതിനായി തേടും. കർഷകർ ഉൽപാദിപ്പിക്കുന്ന കുരുമുളക് നടീൽ വസ്തുക്കൾ കൃഷിഭവൻ വഴി വിതരണം ചെയ്യും. സുഗന്ധവിളകളുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടം പരിഹരിക്കാൻ പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചു. കേരളാ മെക്കനൈസേഷൻ മിഷന്റെ പ്രവർത്തനം നവംബറിൽ സംസ്ഥാനത്ത് ആരംഭിക്കുമ്പോൾ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കാർഷിക കർമസേനകൾ രൂപീകരിക്കും. ഇതിൽ കട്ടപ്പനയ്ക്ക് പ്രഥമ പരിഗണന ഉണ്ടാകും. മൊബൈൽ മണ്ണ് പരിശോധനാ ലാബിന്റെ സേവനം കട്ടപ്പനയിലും ലഭ്യമാക്കും. അഗ്രോ ക്ലിനിക്കും കട്ടപ്പനനിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭാ മിനി സ്‌റ്റേഡിയത്തിൽ ചേർന്ന സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോർജ് എംപി, നഗരസഭാ ചെയർമാൻ മനോജ് എം.തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആൻസി ജോൺ, വൈസ് ചെയർപേഴ്‌സൻ രാജമ്മ രാജൻ, ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, തോമസ് മൈക്കിൾ, ബെന്നി കല്ലൂപുരയിടം, എമിലി ചാക്കോ, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീയുടെ പ്രകൃതി സൗഹൃദ കാരിബാഗ് നിർമാണ യൂണിറ്റിന്റെയും കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരസഭാ കെട്ടിടത്തിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റിന്റെയും ഉദ്ഘാടനവും നടത്തി.