camp
വാതിൽ ഇല്ലാത്ത ക്വോർട്ടേഴ്‌സിൽ ആദിവാസിയായ രാജു കൃഷ്ണൻ.

ചെറുതോണി:ദുരിത ബാധിതരായ ആദിവാസികളോടും സർക്കാരും ട്രൈബൽ ഡിപ്പാർട്ടുമെന്റുകളും അവഗണന കാട്ടുന്നതായി ആക്ഷേപം. ക്വോർട്ടേഴ്‌സുകളിൽ കഴിയുന്ന ആദിവാസി വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ നരകിക്കുകയാണ്. ഭവന രഹിതരായ കുടുംബങ്ങൾക്കും പ്രളയത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാതായവർക്കുമായാണ് ജില്ലാ ഭരണകൂടം വാഴത്തോപ്പിൽ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകൾ അനുവദിച്ചത്. പല കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. ചോർന്ന് ഒലിക്കുന്ന കെട്ടിടത്തിൽ വാതിലും, വൈദ്യുതിയും, വെള്ളവും ഇല്ലാതെയാണ് ആദിവാസി വിഭാഗകാരനായ രാജു കൃഷ്ണനും കഴിയുന്നത്. കല്ലേ മാട കുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ് രാജുവിന്റെ വീട് തകർന്നത്. തുടർന്ന് പൈനാവിലെ ക്യാമ്പിലായിരുന്ന രാജുവിനെ വാഴത്തോപ്പിലെ ക്വാർട്ടേഴ്‌സിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വനത്തിനുള്ളിലെ കല്ലേ മാട കുടിയിലെ കൃഷിഭൂമിയിലേക്ക് മടങ്ങി പോകാനോ കൃഷി സംരക്ഷിക്കാനോ രാജുവിനാവുന്നുമില്ല. തങ്ങൾക്ക് ഭവനം അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല എന്ന് ക്യാമ്പ് നിവാസികൾ പറയുന്നു. ടോയ്‌ലറ്റുകൾ പലതും ബ്ലോക്കാണ്. ഇത് മൂലം പല കുടുംബങ്ങളും ക്വോർട്ടേഴ്‌സുകളിൽ നരകജീവിതം നയിക്കുകയാണ്. യഥാ സമയം അറ്റകുറ്റപണികൾ നടത്താത്ത ക്വാർട്ടേഴ്‌സുകളാണ് അർഹരായവർക്ക് ലഭിച്ചിരിക്കുന്നത്. നല്ല ക്വോർട്ടേഴ്‌സുകൾ രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ അനർഹർ കൈയ്യടക്കി ഇവരെ ഒഴിപ്പിക്കുന്ന കാര്യത്തിലും ജില്ല ഭരണകൂടം നടപടിയെടുത്തില്ല.