മറയൂർ: ഇഷ്ടികയും സിമന്റ് ചാന്തും കൈയ്യെത്തും ദൂരത്തെത്തിച്ച് കൊടുത്തിട്ടും ശകാരം കേൾക്കുന്ന വെറും മൈക്കാടല്ല, ഈ സ്ത്രീകൾ ഇനി മേസ്തിരികളാണ്. കട്ടിളവെയ്പ്പും കട്ടകെട്ടുമൊക്കെ വളയിട്ട കൈയ്ക്കും വഴങ്ങുമെന്ന് തെളിയിച്ച് കാന്തല്ലൂരിലെ പെൺമണികൾ കെട്ടിട നിർമ്മാണ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ ഒരുങ്ങുകയാണ്. കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയാക്കിയ 30 അംഗ സംഘമാണ് കരണ്ടിയും കൈപ്പാണിയുമേന്തി കളത്തിലിറങ്ങിയത്. കാന്തല്ലൂർ ദണ്ഡുകൊമ്പ് പുളിക്കപറമ്പിൽ മിനി പ്രിസ്റ്റന് ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ നിർമ്മാണമാണ് ഇവർ പരീക്ഷണാർത്ഥം ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് ആശ്രയ പദ്ധതിയിൽ ഒരു വീടിന്റെ ഭാഗീക നിർമ്മാണം വിജയകരമായി നടത്തിയിരുന്നു.
ഗുണഭോക്താക്കൾക്ക് ഗുണകരമാകും
വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ പഞ്ചായത്തിൽ നിന്ന് സഹായമായി കിട്ടുന്ന ഗുണഭോക്താക്കൾക്ക് കൂലി ഇനത്തിൽ വലിയതുക ചെലവാക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. മാത്രവുമല്ല സമയബന്ധിതമായി വീട് കെട്ടിത്തീർക്കാൻ ആവശ്യത്തിന് മേസ്തിരിമാരെ കിട്ടാനുമില്ല. ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ് വനിതാമേസ്തിരിമാരുടെ രംഗപ്രവേശം. പഠനത്തിന്റെ ഭാഗമായ പ്രായോഗിക പരിശീലനം എന്ന നിലയിൽ സ്റ്റൈപ്പന്റ്, രണ്ടുനേരത്തെ ഭക്ഷണം, യാത്രക്കൂലി എന്നിവ കുടുംബശ്രീ മിഷൻ ചുമതലപ്പെടുത്തുന്ന ഏജൻസി നല്കുമെന്നതിനാൽ പണിക്കൂലി ഇനത്തിൽ വീട്ടുടമയ്ക്ക് പണം ചെലവൊന്നില്ല. ആവശ്യത്തിന് മേസ്തിരിമാരെ കിട്ടുന്നതുകൊണ്ട് നിശ്ചിത സമയത്തിനുള്ലിൽ വീടിന്റെ പണി പൂർത്തിയാക്കുകയും ചെയ്യാം.
10 പേരുടെ മൂന്നു ഗ്രൂപ്പുകൾ
അപ്രന്റീസ് സംഘം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന വീടിന്റെ ദൗത്യം പൂർത്തികരിക്കുന്നതോടുകൂടി കാന്തല്ലൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച മുഴുവൻ വീടുകളുടെയും നിർമ്മാണം വനിതാ മേസ്തിരിമാർ ഏറ്റെടുക്കും.10 പേരടങ്ങിയ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാകും കർമ്മമേഖലയിലിറങ്ങുക. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത സ്ത്രീകളാണ് സംഘത്തിലുള്ളത്. ഇവർക്കുള്ള യൂണിഫോം, ഹെൽമെറ്റ്, ഗ്ലൗസ് എന്നിവയെല്ലാം കുടുംബശ്രീ ജില്ലാമിഷനാണ് നൽകുന്നത്.
നിർമ്മാണമേഖലയിൽ പുതിയ വിപ്ലവം
കെട്ടിട നിർമ്മാണമേഖയിൽ ആവശ്യത്തിന് മേസ്തിരിമാരെ കിട്ടാനില്ലെന്ന പരാതി പരിഹരിക്കുന്നതിനൊപ്പം ഈ രംഗത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യത്തിന് കടിഞ്ഞാണിടുന്നത് കൂടിയാണ് കാന്തല്ലൂരിലെ പുതിയ സംരംഭം.