രാജാക്കാട്: പതിവായി നൂറുകണക്കിനു നാട്ടുകാരും വാഹനങ്ങളും സഞ്ചരിക്കുന്ന പന്നിയാർകുട്ടി തലക്കുളം വിയർസൈറ്റ് റോഡ് വശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരം, പന്നിയാർകൂട്ടി എന്നിവിടങ്ങളെ കൊച്ചുമുല്ലക്കാനവുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന മലയോര പാതയാണിത്. ഗവ ഐ.ടി.ഐയുടെ സമീപത്തുകൂടി കടന്നുപോകുന്നതിനാൽ വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. പ്രളയകാലത്ത് ഈ റോഡിൽ പനച്ചിക്കുഴി വിയർസൈറ്റിനു സമീപത്തെ കൊടും വളവിൽ 15 മീറ്ററോളം നീളത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ടാറിംഗ് വരെയുള്ള മണ്ണ് ഫില്ലിംഗ് നൂറടിയോളം താഴ്ച്ചയിലേയ്ക്കാണു ഇടിഞ്ഞ് വീണതിനെത്തുടർന്ന് പാതയിലൂടെയുള്ള സഞ്ചാരം അപകടം പിടിച്ചതായി. തുടർന്നുണ്ടായ കനത്ത മഴയിൽ കൂടുതൽ ഭാഗങ്ങളും,ടാറിംഗിന്റെ അടിഭാഗവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണു. ഉൾഗ്രാമ പ്രദേശത്തെ വൻ മലനിരകളിലൂടെ പഞ്ചായത്തിന്റെ മൂന്ന് വാർഡുകൾ ചുറ്റി കടന്നുപോകുന്ന റോഡ് സംരക്ഷണ ഭിത്തി നിർമ്മിച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.