മറയൂർ: നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പള്ളനാട് മംഗളംപാറ ശരവണന്റെ ഭാര്യ മാണിക്യത്തിനാണ് (40) ഇന്നലെ വൈകിട്ട് 6 ന് പോത്തിന്റെ കുത്തേറ്റത്. ഇവരുടെ കാലിലാണ് പരിക്ക്. വീടിന് സമീപത്തെ തൊഴുത്തിൽ പശുവിനെ കറക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പശുവിനെ കണ്ടുവിരണ്ട കാട്ടുപോത്ത് മാണിക്യത്തിന് നേരെ തിരിയുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികൾ കാട്ടുപോത്തിനെ വിരട്ടിയോടിച്ചശേഷം ഇവരെ മറയൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞദിവസം രാത്രി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കും പോത്തിന്റെ ആക്രമണത്തിൽ കേടുപാടുണ്ടാക്കി. പള്ളനാട് സ്വദേശി രമേശിന്റെ ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെയുള്ള ഒരു വീടിന്റെ മേൽക്കൂര തകർത്ത കാട്ടുപോത്താണ് ഇപ്പോഴും നാട്ടിലിറങ്ങി വിലസുന്നത്. അർദ്ധരാത്രി മേൽക്കൂരയിലെ ആസ് ബറ്റോസ് ഷീറ്റ് തകർത്ത് സ്വീകരണമുറിയിൽ വീണ പോത്തിനെ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വീടിനകത്ത് പൂട്ടിയിടുകയായിരുന്നു. പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന മദ്ധ്യസ്ഥ ചർച്ചക്ക് ഒടുവിൽ ഒരുലക്ഷംരൂപ വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്കിയാണ് പോത്തിനെ തുറന്നുവിട്ടത്. ഈ സംഭവത്തിന് ശേഷം കാടുകയറിയ പോത്ത് കഴിഞ്ഞ കുറെ മാസങ്ങളിലായി നാട്ടിൽ തിരിച്ചെത്തി ജനങ്ങളുടെ സ്വൈര്യം കെടുത്തുകയാണ്. പ്റശ്നപരിഹാരത്തിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പള്ളനാട് ടൗണിൽ കൂടെ പുലർച്ചെ നടന്നു പോകുന്ന കാട്ടുപോത്ത്.