hh
വേലി

അടിമാലി: മഴമാറി കാട്ടാനകൾ നാട്ടിലിറങ്ങി തുടങ്ങിയതോടെ മാങ്കുളം ആനക്കുളത്ത് സ്ഥാപിച്ചിട്ടുള്ള ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യം. ഒരു വർഷം മുമ്പ് ആനക്കുളം മുതൽ വലിയപാറക്കുട്ടി വരെയുള്ള ഭാഗത്ത് റോപ് ഫെൻസിംഗ് സ്ഥാപിക്കുകയും കാട്ടാനശല്യം വലിയ തോതിൽ കുറയുകയും ചെയ്തിരുന്നു. പദ്ധതി ഫലം കണ്ടതോടെയാണ് ഇത് പ്രദേശത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം നാട്ടുകാർ മുമ്പോട്ട് വയ്ക്കുന്നത്. ആനക്കുളത്ത് കുടിയേറ്റകാലം മുതലുള്ള പ്രശ്നമാണ് കാട്ടാനശല്യം. മുമ്പെങ്ങും ഇല്ലാത്തവിധം കാട്ടാനകൾ നാട്ടിലിറങ്ങി തുടങ്ങിയതോടെ ആളുകളുടെ ജീവിതം ദുസഹമായി തീർന്നു. നിരന്തര പരാതിയെ തുടർന്ന് വനംവകുപ്പ് കഴിഞ്ഞ വർഷം വനാതിർത്തിയിൽ ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സ്ഥാപിച്ചു. സംസ്ഥാനത്തെ തന്നെ ആദ്യ മോഡൽ പദ്ധതിയായി നിർമ്മിച്ച ഈ ആനവേലി വലിയ വിജയമായി തീർന്നെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങുന്ന ആനകളെ പൂർണ്ണമായി പ്രതിരോധിക്കുന്നതിനാൽ ആനശല്യം രൂക്ഷമായ പഞ്ചായത്തിലെ മറ്റ് മേഖലകളിലേക്കും ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ആനവേലിയിൽ കേടുപാടുകൾ
ഒരു വർഷം മുമ്പ് മാങ്കുളം എക്കോ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ വനംമന്ത്രി കെ രാജുവിന് പ്രദേശത്തെ കാട്ടാന ശല്യം സൂചിപ്പിച്ച് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു.ഇതേ തുടർന്നാണ് 50 ലക്ഷം രൂപ ചിലവഴിച്ച് ആനക്കുളം റേഞ്ചിന് കീഴിൽ ഒന്നേകാൽ കിലോമീറ്ററോളം ദൂരം ആനവേലി നിർമ്മിക്കാൻ വനം വകുപ്പ് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.കഴിഞ്ഞ പ്രളയത്തിൽ ആനക്കുളം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ആനവേലിയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പദ്ധതി പൂർണ്ണ വിജയമായതോടെ ആനവേലിയുടെ കേടുപാടുകൾ പരിഹരിക്കുകയും കൂടുതൽ പ്രദേശത്ത് വ്യാപിപ്പിക്കുകയും വേണമെന്നാണ് ആനക്കുളംകാരുടെ ഇപ്പോഴത്തെ ആവശ്യം.