അടിമാലി: വർഷം നാല് കഴിഞ്ഞിട്ടും അടിമാലി ദേവിയാർ കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായില്ല. 2014 -15 സാമ്പത്തിക വർഷത്തിലായിരുന്നു പദ്ധതി അനുവദിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചത്. അപ്രതീക്ഷിതമായി പദ്ധതി പ്രദേശത്തെത്തിയ ജലനിധി ഉദ്യോഗസ്ഥരെ ഉപഭോക്താക്കൾ ചേർന്ന് ശനിയാഴ്ച്ച ഒരു മണിക്കൂറോളം തടഞ്ഞ് വച്ചു.നാല് വർഷം മുമ്പാരംഭിച്ച ജലനിധി പദ്ധതി ഇനിയും പൂർത്തീകരിക്കപ്പെടാത്തതിന്റെ രോഷമായിരുന്നു ശനിയാഴ്ച്ച അടിമാലി ദേവിയാർ കോളനിയിൽ അണപൊട്ടിയത്. പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഉപഭോക്താക്കൾ ചേർന്ന് തടഞ്ഞ് വച്ചു. ഉദ്യോഗസ്ഥരെത്തിയ വാഹനം സമീപത്തെ വീട്ടമ്മമാരുൾപ്പെടെ സംഘടിച്ചെത്തി തടയുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്തു.കഴിഞ്ഞ നാല് വർഷമായി വെള്ളമെത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച ജലനിധി ഉദ്യോഗസ്ഥരോടുള്ള രോഷമാണ് വാഹനം തടയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
30 ദിവസത്തിനുള്ളിൽ പരിഹാരം
പ്രദേശവാസികളുടെ രോഷം ചോദ്യശരമായി എത്തിയതോടെ ജലനിധി ഉദ്യോഗസ്ഥർ വലഞ്ഞു.വെള്ളം ലഭിക്കുകയെന്നതിനപ്പുറം യാതൊരു വിട്ടുവീഴ്ച്ചക്കും തങ്ങൾ തയ്യാറല്ലെന്ന് നാട്ടുകാർ അറിയിച്ചതോടെ തിരികെ മടങ്ങാനാകാതെ ഉദ്യോഗസ്ഥർ വെട്ടിലായി.തുടർന്ന് ഉദ്യോഗസ്ഥർ അടിമാലി പഞ്ചായത്ത് സെക്രട്ടറിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. മുപ്പത് ദിവസത്തിനുള്ളിൽ കോളനിയിൽ വെള്ളമെത്തിക്കുമെന്ന് സെക്രട്ടറി ഫോണിലൂടെയും ഉദ്യോഗസ്ഥർ നേരിട്ടും നാട്ടുകാരെ അറിയിച്ചു. നവംബർ മുപ്പത് വരെ തങ്ങൾ വെള്ളത്തിനായി കാക്കുമെന്ന മുന്നറിയിപ്പ് നൽകി ഉപഭോക്താക്കൾ ജലനിധി ഉദ്യോഗസ്ഥരെ വിട്ടയച്ചു.
പദ്ധതിയും തുകയും ഇങ്ങനെ
അടിമാലി പഞ്ചായത്തിലെ 18, 19 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ദേവിയാർകോളനി കുടിവെള്ള പദ്ധതി ആരംഭിച്ചത്.600 ഓളം ഗുണഭോക്താക്കൾ ഉള്ള പദ്ധതിക്ക് ഒന്നേകാൽ കോടിയാണ് അടങ്കൽ തുക.4000 രൂപ വീതം 11.6 ലക്ഷം രൂപ പദ്ധതി വിഹിതമായി ഗുണഭോക്താക്കൾ അടച്ചിട്ടുണ്ട്.സർക്കാർ തുക ലഭിക്കാൻ താമസം വരുമെന്നറിയിച്ചതിനാൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനായി 5.45 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതത്തിൽ നിന്നും നൽകി.പിന്നെയും പലവിധ കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ വെള്ളമെത്തിക്കാതെ പദ്ധതി നീട്ടി കൊണ്ടു പൊകുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ഉദ്യോഗസ്ഥരെ പെരുവഴിയിൽ തടഞ്ഞത്.