ഇടുക്കി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ കൈപിടിച്ചുയർത്താൻ വാത്തിക്കുടി പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. കർഷകരെ സഹായിക്കുന്നതിനൊപ്പം ക്ഷീരമേഖലയിലാകെ ഗുണകരമായ മാറ്റം ലക്ഷ്യമിട്ടും ആകെ 1,57,65000 രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. രാജു അറിയിച്ചു.
പ്രകൃതിക്ഷോഭം കാരണം നിത്യവൃത്തി ഇല്ലാതായ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് പഞ്ചായത്തിന്റെ ശ്രമം.
ആധുനിക രീതിയിലുള്ള തൊഴുത്തുകൾ നിർമ്മിച്ചു നൽകുന്നതിനൊപ്പം നിലവിലുള്ള കാലിത്തൊഴുത്തുകളുടെ നവീകരണവും കാലിത്തീറ്റ സബ്‌സിഡി, കന്നുകുട്ടി പരിപാലനം തുടങ്ങിയ പദ്ധതികളാണ് ക്ഷീരകർഷകരെ സഹായിക്കുന്നതിനായി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാകും തൊഴുത്തുകൾ നിർമ്മിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും തൊഴുത്തിനുണ്ടാകും.
ക്ഷീരമേഖലയുടെ സ്ഥിതിവിവരം
3000 കുടുംബങ്ങളുടെ ഉപജീവനമാർഗം, പ്രതിദിനം 32000 ലിറ്റർ പാൽ ഉൽപ്പാദനമെന്നതാണ് വാത്തിക്കുടി പഞ്ചായത്തിലെ ക്ഷീരോൽപ്പാദനക്കണക്ക്.
തൊഴുത്ത് നിർമ്മാണം:
70,500 രൂപ വീതം ചെലവുവരുന്ന 90 തൊഴുത്തുകൾ നിർമ്മിച്ചുനൽകുന്നതിന് 63.45 ലക്ഷം രൂപയും പഴയ തൊഴുത്തുകൾ നവീകരിക്കുന്നതിന് 100 കർഷകർക്ക് 10.7ലക്ഷം രൂപയും
കന്നുകിട്ടി പരിപാലനം
കന്നുകുട്ടി പരിപാലനത്തിന് 27 ലക്ഷംരൂപ.
മൂല്യവർദ്ധന
ചാണകം ഉണക്കിപ്പൊടിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രോജക്ട്
തീറ്റയ്ക്ക് 36.50 ലക്ഷംരൂപ
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ കാലിത്തീറ്റ സബ്‌സിഡിയായി 33,50,000 രൂപയും പുൽക്കൃഷിക്കായി കർകർക്ക് മൂന്ന് ലക്ഷം രൂപയും നൽകും