തൊടുപുഴ: നാടിന്റെ സമസ്തവിവരങ്ങളും തുറന്ന പുസ്തകമാക്കി വിരൽതുമ്പിൽ വിളമ്പാനൊരുങ്ങുകയാണ് തൊടുപുഴ നഗരസഭ. ഇന്നും നാളെയുമായി നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിലും ഭവനസന്ദർശനം നടത്തി ഇതിനുള്ള വിവരങ്ങൾ ശേഖരിക്കും. സർക്കാർ അംഗീകൃത ഏജൻസിയായ കരകുളം പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ആധുനികസാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. രണ്ടു ദിവസത്തെ പരിശീലനം പൂർത്തിയാക്കിയാണ് എന്യൂമേറ്റർമാർ ഭവനസന്ദർശനത്തിനിറങ്ങുന്നത്. ടൗൺഹാളിൽ നടന്ന പരിശീലനം ചെയർപേഴ്‌സൺ മിനി മധു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ. ഹരി, മരാമത്ത് കമ്മറ്റി ചെയർപേഴ്‌സൺ സുമമോൾ സ്റ്റീഫൻ, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു. വികസനപ്രവർത്തനങ്ങളുടെ ഭാഗമായി അടിസ്ഥാന വിവരശേഖരണം നടത്തുന്ന കേരളത്തിലെ ആദ്യ നഗരസഭയായി തൊടുപുഴ മാറുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ.

സർവേ

എല്ലാവീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി ലാപ്‌ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് അപ്പോൾ തന്നെ വിശകലനം ചെയ്ത് കൃത്യമാക്കി പ്രത്യേക സോഫ്ട് വെയറിൽ രേഖപ്പെടുത്തി നഗരസഭയിലെ സെർവർ കമ്പ്യൂട്ടറിൽ ലഭ്യമാക്കും. ഓരോ കുടുംബത്തിന്റെ അടിസ്ഥാനത്തിലും വിവരങ്ങൾ പ്രത്യേകം പട്ടികയായി ലഭിക്കും.

എല്ലാവരും സഹകരിക്കണം: ചെയർപേഴ്സൺ

''നഗരസഭയുടെ പദ്ധതി രൂപീകരണത്തിനും, മറ്റ് പ്രവർത്തനങ്ങൾക്കും ഏറെ സഹയകരമാകുന്ന ഈ സംരഭത്തിൽ ഭവനസന്ദർശനം നടത്തുന്ന എന്യൂമറേറ്റർമാർക്ക് മുഴുവൻ വിവരങ്ങളും നല്കി സഹകരിക്കണം''.

വിരൽ തുമ്പിൽ ലഭ്യമാകുന്ന വിവരങ്ങൾ

ഓരോവീടും, സ്ഥാപനവും ഗൂഗിൾമാപ്പിൽ രേഖപ്പെടുത്തും. റോഡ് കണക്ടിവിറ്റി മാപ്പ്, സ്ട്രീറ്റ് ലൈറ്റുകൾ, പൊതുടാപ്പുകൾ, തുടങ്ങിയ പൊതുസേവന സംവിധാനങ്ങളും വിരൽതുമ്പിൽ ലഭ്യമാകത്തക്കവിധമാണ് സർവെ ക്രോഡീകരിക്കുന്നത്.