രാജാക്കാട്: കാലവർഷത്തിൽ തകർന്ന രാജാക്കാട് എൻ.ആർ സിറ്റി റോഡിലെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം അവസാനഘട്ടത്തിലേയ്ക്ക്. ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിച്ച് മണ്ണിട്ട് നികത്തി ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കുന്നതോടെ രാജാക്കാട് - പൂപ്പാറ റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഈ റോഡിൽ ഇപ്പോൾ നടന്നുവരുന്ന നവീകരണം കൂടി പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള റോഡ് ശോചനീയാവസ്ഥയ്ക്കും പൂർണ്ണ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടക്കുന്ന രാജാക്കാട് പൂപ്പാറ റോഡിന്റെ പുനർ നിർമ്മാണത്തിനായി ഇടുക്കി എം.പിയുടെ ഇടപെടലിനെ തുടർന്ന് ഇടുക്കി ജില്ലക്ക് ആദ്യമായി സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 12 കോടി അനുവദിക്കുകയും എറണാകുളം ആൻടെക് കൺട്രക്ഷൻ കമ്പനി കരാർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
60 മീറ്റർ റോഡ് ഒലിച്ച് പോയി
അപ്രതീക്ഷിതമായെത്തിയ കാലവർഷക്കെടുതിയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എൻ.ആർ സിറ്റിക്ക് സമീപം റോഡ് 60 മീറ്ററോളം നീളത്തിൽ പൂർണ്ണമായി ഒലിച്ച് പോയിരുന്നു. ഇതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചു.വാഹനങ്ങൾ വാക്കാസിറ്റി മാങ്ങാത്തൊട്ടി രാജകുമാരി വഴിയും,വലിയകണ്ടം പുന്നസിറ്റി വഴിയും തിരിച്ചുവിടുകയായിരുന്നു.ഇതേ തുടർന്ന് മന്ത്രി എം.എം മണിയും, ജോയ്സ് ജോർജ്ജ് എം.പിയും ഇടപെട്ട് റോഡിന് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് വാഗ്ദാനം ചെയ്ത് റോഡിന്റെ കരാറുകാരെകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
നിർമാണങ്ങൾ അവസാനഘട്ടത്തിൽ
നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ അവസാനഘട്ടത്തിലാണ്. പൂർണ്ണമായി ഗതാഗതം നിലച്ചിരുന്ന റോഡിൽ ഭാഗികമായി പുനസ്ഥാപിക്കുവാനും കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുതന്നെ പ്രളയത്തിന് ശേഷം ഏറ്റവും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന റോഡുകൂടിയാണിത്. സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാകുമ്പോൾ സി.ആർ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും അടുത്ത വാരത്തോടെ ആരംഭിക്കുമെന്നാണ് എൻ.എച്ച് അധികൃതർ അറിയിച്ചിട്ടുള്ളത്. പന്ത്രണ്ടുകോടി രൂപാ ചെലവഴിച്ച് ദേശീയ പാത നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, ബൈസൺവാലി തുടങ്ങിയ പഞ്ചായത്തുകളിലേയും, തമിഴ്നാട്ടിലേയും ആയിരക്കണക്കിന് വരുന്ന ആളുകളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും.