തൊടുപുഴ : പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചപ്പോൾ ജില്ലയിലെ നിരത്തുകളിൽ നിന്നും 10,914 പരസ്യബോർഡുകളാണ് ഇന്നലെ വൈകിട്ട് വരെ നീക്കം ചെയ്തത് . നിരത്തുകളിൽ നിന്നും പരസ്യബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്നതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ഇതിനായി നിയോഗിച്ച ജീവനക്കാർക്കുമായിരുന്നു ; എങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഭൂരിഭാഗവും ഈ ഉദ്യമത്തിനായി രംഗത്തിറങ്ങിയിരുന്നു. പ്രധാനമായും തദ്ദേശ സ്ഥാപങ്ങളുടെ ഉത്തരവാദിത്തമായിരുന്നതിനാൽ ജില്ലയിലെ 52 പഞ്ചായത്തുളുടെയും 2 നഗരസഭകളുടെയും പരിധിയിലുള്ള റോഡുകൾ ,പാലങ്ങൾ , പുഴകൾ , തോടുകൾ ,റോഡിന്റെ വശങ്ങളിലുള്ള വൈദ്യുതി പോസ്റ്റുകൾ ,മരങ്ങൾ, തദ്ദേശസ്ഥാപനങ്ങളുടെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ എന്നിവടങ്ങളിൽ നിന്നെല്ലാം പരസ്യബോർഡുകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു .ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലും കെട്ടിടങ്ങളിലും സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്യാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചെറിയ വാക്ക് തർക്കങ്ങൾ ഉണ്ടായി. ഇതേ തുടർന്ന് ഇവിടങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിന് കൂടിയാലോചനകൾ നടത്തിയിട്ട് മാറ്റം എന്ന തീരുമാനിച്ചു .വാക്ക് തർക്കം ഉണ്ടായ മറ്റ് ചില സ്ഥലങ്ങളിൽ ഹൈക്കോടതി നിർദ്ദേശമാണ് ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതിനെ തുടർന്ന് ബോർഡുകൾ നീക്കം ചെയ്യാനായി ആളുകൾ സമ്മതിച്ചു .
ഇനിയും ഏറെ നീക്കം ചെയ്യാനുണ്ട്
ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും മിക്ക സ്ഥലങ്ങളിലും ബോർഡുകൾ നീക്കം ചെയ്യാനുണ്ട് .രണ്ട് ദിവസങ്ങൾക്കകം ബാക്കിയുള്ളത് നീക്കം ചെയ്യുമെന്ന് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പറഞ്ഞു
നിരത്തുകളിൽ നിന്നും ഇന്നലെ വരെ നീക്കം ചെയ്‌ത പരസ്യബോർഡുകൾ
52 പഞ്ചായത്തുകൾ ---9762
തൊടുപുഴ നഗരസഭ ---776
കട്ടപ്പന നഗരസഭ ------- 376