hh
അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡ്‌

അടിമാലി: ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായിരുന്നിട്ടും അടിമാലിയിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററോ അന്വേഷണ കൗണ്ടറോ ഇല്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം പോലും തിരക്കാൻ ഇവിടെ സൗകര്യമില്ല. നിരന്തരം ഈ ആവശ്യം മുമ്പോട്ട് വച്ചിട്ടും ബന്ധപ്പെട്ടവർ മുഖംതിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടം കൂടിയായിട്ടും അടിമാലിയിൽ കെ.എസ്.ആർ.ടി.സി യാത്രക്കിടയിൽ അന്വേഷണത്തിന് ഉതകുന്ന യാതൊരുവിധ സൗകര്യങ്ങളുമില്ല.അടിമാലിയിൽ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമീകരണത്തിനായി സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒരുദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളത് മാത്രമാണ് ഏക സൗകര്യം. ദിവസവും ആയിരക്കണക്കിനാളുകൾ വന്ന് പോകുന്ന ടൗണാണിത്. ദിവസേന 150ന് മുകളിൽ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ അടിമാലി വഴി കടന്ന് പോകുന്നുണ്ട്. അടിമാലിയുടെ ഗ്രാമീണ മേഖലകളിലേക്കടക്കം കെ.എസ്.ആർ.ടി.സി സർവ്വീസുകൾ വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ബസുകൾ ഉണ്ടോ ഇല്ലയോ എന്നറിയാൻ സംവിധാനമില്ലാത്തത് വ്യാപക പരാതിക്ക് ഇടയാക്കുന്നു.