ചെറുതോണി: വ്യാജ ലോട്ടറി നൽകി പണം തട്ടിയതായി പരാതി. തടിയംപാട് ലോട്ടറി വ്യാപാരം നടത്തുന്ന മൂസയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് മൂസ ഇടുക്കി പോലീസിൽ പരാതി നൽകി. കഴിഞ്ഞ 24ന് ബൈക്കിലെത്തിയ രണ്ടുപേർ സമ്മാനമടിച്ച ടിക്കറ്റുകൾ നൽകി പണം വാങ്ങുകയായിരുന്നു. രണ്ടായിരം രൂപയുടെ 12 ടിക്കറ്റുകളും ആയിരം രൂപയുടെ ആറ് ടിക്കറ്റുകളുമാണ് മാറ്റി വാങ്ങിയത് ഈ ടിക്കറ്റുകൾ ഇന്നലെ ലോട്ടറി ആഫീസിൽ എത്തിപ്പോഴാണ് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയവർ ഹെൽമറ്റ് ധരിച്ചതിനാൽ ആളെ മനസിലായില്ലെന്നും എവിടുത്തുകാരാണെന്നു അറിയാനും കഴിഞ്ഞിട്ടില്ല. ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും ഇതിനു മുമ്പും നമ്പർ തിരുത്തി പണം തട്ടിയ കേസുകളുണ്ട്. തടിയംപാട് നൽകിയ ടിക്കറ്റ് സമ്മാനമടിച്ച ഒറിജിനൽ ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റാണെന്ന് സംശയിക്കുന്നു. ഒറിജനൽ ടിക്കറ്റു പോലെയാണെന്നും കാഴ്ചയിൽ വ്യാത്യാസ മില്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയാത്തതുമാണ് . വളരെ വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പോലീസ്പറഞ്ഞു. ഇത്തരത്തിൽ വേറെയാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടൊയെന്നു അന്വേഷിക്കുമെന്നും ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് അറിയിച്ചു.