കാസർകോട്: സി.പി.എം നേതാക്കളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഒരു സംഘം ആക്രമണം നടത്തി. സംഘടിത അക്രമത്തിൽ സി.പി.എം ഏരിയ കമ്മറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നിവരുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.
മഞ്ചേശ്വരം വോർക്കാടി മജീർപള്ളത്ത് ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമം. മജീർപള്ളം പാവൂർ പെയ്യയിലെ സി.പി.എം ഏരിയ കമ്മിറ്റിഅംഗം ഡിബൂബയുടെ വീട് കയറിയാണ് അക്രമം നടത്തിയത്. ഡിബൂബ (48)യെ കൂടാതെ സി.പി.എം വോർക്കാടി ലോക്കൽ സെക്രട്ടറി നവീൻകുമാർ (30), ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി മഹേഷ് (28), ബൂബയുടെ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ അജയ് (24), ബൂബയുടെ ഭാര്യയും മുൻ പഞ്ചായത്ത് അംഗവുമായ ഹരിണാക്ഷി (40) തുടങ്ങി 10 പേർക്കാണ് പരിക്കേറ്റത്.
അക്രമത്തിന് പിന്നിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് മജീർപള്ളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ബിജെപിക്കെതിരെ ബൂബ പ്രസംഗിച്ചതിലുള്ള വൈരാഗ്യമാണ് വീടുകയറി അക്രമം അഴിച്ചുവിടാൻ കാരണമെന്ന് മഞ്ചേശ്വരം ഏരിയാ സെക്രട്ടറി അബ്ദുർ റസാഖ് ചിപ്പാർ പറഞ്ഞു. പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു .