കണ്ണൂർ: മൊബൈൽ ഫോണിന്റെ റേഡിയേഷൻ കുറക്കാൻ പുതിയ ചിപ്പ് കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇരിട്ടി സ്വദേശി കലവൂർ ജോൺസൺ രംഗത്ത്. ചകിരിച്ചോറും നാടൻ പശുവിന്റെ വിസർജ്ജ്യത്തിൽ നിന്നുമാണ് ചിപ്പ് നിർമ്മിച്ചത്. ഇത് മൊബൈൽ ഫോണിനൊപ്പം സൂക്ഷിച്ചാൽ റേഡിയേഷൻ കുറക്കാമെന്ന് കലവൂർ ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വിജയൻ നമ്പ്യാർ, കേണൽ ആന്റണി, പി.ജി. ശശീന്ദ്രൻ, പി.പി. നസീർ എന്നിവർ സംബന്ധിച്ചു
വ്യാപാരികളെ ഒഴിപ്പിക്കുന്നതിനെതിരെ അനിശ്ചിതകാല സമരം
കണ്ണൂർ: വികസനത്തിനായി ഒഴിപ്പിക്കുന്ന വ്യാപാരികളെ സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കളക്ട്രേറ്റിന് മുന്നിൽ നവംബർ ഒന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ദേശീയപാതയ്ക്കും എയർപോർട്ട് റോഡ് വികസനവുമായി ആയിരക്കണക്കിന് വ്യാപാരികളെ ഒഴിപ്പിക്കുകയാണ്. ഇവർക്കായി ബദൽ സംവിധാനവും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് 15 വർഷമായി നിരവധി സമരങ്ങൾ നടത്തി. എന്നാൽ കെട്ടിട ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാന സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറായെങ്കിലും ദേശീയ പാതാ അതോറിറ്റി പിന്തിരിപ്പിക്കുകയാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി . ഗോപിനാഥ്, ചാക്കോ മുല്ലപ്പള്ളി, എം.എ. ഹമീദ് ഹാജി, പി. വിജയൻ എന്നിവർ പങ്കെടുത്തു.
രാപ്പകൽ സമരം
കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് 10,11 തീയ്യതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ ബി.എം.എസ്. രാപ്പകൽ സമരം നടത്തും. കണ്ണരിലെ പ്രതിഷേധം നാളെ രാവിലെ 11 ന് സംസ്ഥാന സെക്രട്ടറി വി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 11ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. രഘുരാജ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സി.വി. തമ്പാൻ, എം. വേണുഗോപാൽ, പി. കൃഷ്ണൻ, കെ.കെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.