പരിയാരം: ദേശീയപാതയിൽ പരിയാരം വിളയാങ്കോട്ട്  സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.

കാർ കാർ ഡ്രൈവർ തലശ്ശേരി കോട്ടയംപൊയിലിലെ വള്ളിപ്പുറവിൽ വീട്ടിൽ വി. വിപിൻ (30), കാറിലുണ്ടായിരുന്ന കൂത്തുപറമ്പ് നരവൂർ പാണിശ്ശേരിയിലെ കുന്നുമ്മൽ വീട്ടിൽ പ്രശാന്ത് സാലി (42), ഭാര്യ സിൽജ (40), മക്കളായ റിതിക (14), സയോന (13),  ബസ് യാത്രികരായ വിശ്വംഭരൻ (73), ഭാര്യ രമണി (68), ചന്ദ്രമതി (40), ഷെരീഫ (45), ലക്ഷ്മിക്കുട്ടി (60), ആരാധന (14), ദിവ്യമോൾ (28), പ്രകാശൻ (29) എന്നിവർക്കാണ് പരിക്ക്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ, പ്രശാന്ത്‌സാലി എന്നിവരുടെ നില ഗുരുതരമാണ്.  

പയ്യന്നൂരിൽ നിന്നു കണ്ണൂരിലേക്ക് തിരിച്ച  എമിറേറ്റ്‌സ് ബസും തളിപ്പറമ്പ് ഭാഗത്തു നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന  സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. അമിവേഗതയിലായിരുന്ന കാർ മുന്നിലുള്ള രണ്ടു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ  എതിർദിശയിൽ നിന്നെത്തിയ ബസ്സിൽ ഇടിക്കുകയായിരുന്നു. ഏതാണ്ട്  പൂർണമായും തകർന്ന കാറിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്നാണ്  പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.