പെരിയ: രണ്ടാം വർഷ ഇന്റർനാഷണൽ റിലേഷൻഷിപ്പ് വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിൽ ഇന്നു മുതൽ അക്കാഡമി പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കുകയാണെന്ന് സർവകലാശാല വാർത്താകുറിപ്പിലൂടെ അറിയിച്ചു.

സർവകലാശാലയിലെ അക്കാഡമിക ബ്ലോക്ക് വിദ്യാർത്ഥികൾ ഉപരോധിച്ച സാഹചര്യത്തിലാണ് അടച്ചിട്ടത്. എന്നാൽ അധ്യാപക  അനധ്യാപക ജീവനക്കാർ സാധാരണ പോലെ സർവകലാശാലയിൽ ഹാജരാകണമെന്നും വി.സി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തൃശൂർ സ്വദേശിയായ വിദ്യാർത്ഥി അധികൃതരുടെ പീഡനത്തെ തുടർന്ന് ക്യാമ്പസിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇതിനുപിന്നാലെയാണ് എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരം ആരംഭിച്ചത്.