കാസർകോട് : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമെന്നു ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു. രാവിലെ 11 മണി മുതൽ 12 മണി വരെയായിരുന്നു സമരം. ദേശീയപാതയിൽ ചിലയിടങ്ങളിൽ ഗതാഗതം മുടങ്ങാനിടയായി. ഉപ്പളയിൽ ഉപരോധസമരം വീരപ്പ അമ്പാർ ഉദ്ഘാടനം ചെയ്തു. കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷനിലാണ് ഉപരോധ സമരം നടന്നത്. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, സെക്രട്ടറി പി. രമേശൻ എന്നിവരും പങ്കെടുത്തു. പൊയ്‌നാച്ചിയിൽ സ്വാമി പ്രേമാനന്ദയും കാഞ്ഞങ്ങാട്ട് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗം നാരായണൻ ഭട്ടതിരിപ്പാടും വെള്ളരിക്കുണ്ടിൽ ഗോവിന്ദൻ മാസ്റ്ററും ഉപരോധം ഉദ്ഘാടനം ചെയ്തു.