കണ്ണൂർ: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസെന്നും ഇക്കാര്യത്തിൽ ഒരൊറ്റ നിലപാട് അവകാശപ്പെടാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിനും ബി.ജെ.പിക്കുമാണ് ഈ വിഷയത്തിൽ ഇരട്ടത്താപ്പ്.
വിശ്വാസവുമായി ബന്ധപ്പെട്ട കൃത്യമായ കാഴ്ചപ്പാട് കോൺഗ്രസിനുണ്ട്. അത് ജവഹർലാൽ നെഹ്‌റു തൊട്ടുള്ള മഹാന്മാരായ നേതാക്കൾ നമ്മളെ പഠിപ്പിച്ച കാര്യമാണ്.
വിശ്വാസികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ശബരിമലയിൽ പോകുന്നതിനെ കോൺഗ്രസ് എതിർക്കുകയാണോയെന്ന ചോദ്യത്തിന് യഥാർത്ഥ വിശ്വാസികളാണെങ്കിൽ അവർ ശബരിമലയിലെ ആചാരം പാലിക്കാൻ ബാധ്യതപ്പെട്ടവരാണെന്ന് മുല്ലപ്പള്ളി മറുപടി നൽകി.ടൂറിസ്റ്റ് കേന്ദ്രം പോലെ ശബരിമലയെ കാണാനാകില്ല. അത്തരത്തിൽ അവിടെ ആളുകൾ പോകുന്നതിനെ അംഗീകരിക്കാനുമാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. നാലു വോട്ടിനു വേണ്ടി വൃത്തികെട്ട സമീപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.