ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലാർക്ക് കം കാഷ്യർ തസ്തികകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള 5810 ഉദ്യോഗാർത്ഥികളുടെ നിയമനം കട്ടപ്പൊക. കേരള ബാങ്ക് വരുന്നതിന് മുന്നോടിയായി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തേണ്ടെന്ന നിലപാടിലാണ് സഹ. വകുപ്പ് അധികൃതർ.

കഴി‌ഞ്ഞദിവസം ഉദ്യോഗാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും കേരള ബാങ്ക് വരുന്നതിനാൽ കൂടുതൽ ബാദ്ധ്യത ഏറ്റെടുക്കില്ലെന്നാണ് അറിയിച്ചത്. സഹകരണം ഐച്ഛികമായെടുത്ത ബിരുദധാരികൾ എഴുതിയ ആദ്യപരീക്ഷയാണ് ഇതോടെ കാലഹരണപ്പെടുന്നത്.

2014 ഡിസംബറിലായിരുന്നു പരീക്ഷ. 2016 ജനുവരിയിൽ 6000 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. രണ്ടുവർഷമായിട്ടും നിയമനം നൽകിയത് 190 പേർക്ക്. പ്രതീക്ഷിക്കുന്ന ഒഴിവുകൾ അറിയിക്കാൻ കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ നിർദ്ദേശിച്ചെങ്കിലും ജില്ലാ ബാങ്കുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഴിവുകളുണ്ടായിട്ടും തൃശൂർ, കൊല്ലം ജില്ലകളിലെ ഒന്നാം റാങ്കുകാരന് പോലും നിയമനമായില്ല.ലിസ്റ്റിലുള്ള പകുതിയിലേറെ പേർക്കും പ്രായപരിധി കഴിഞ്ഞു.

റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാർച്ചിൽ അവസാനിക്കും.നിയമനത്തിനായി ഉദ്യോഗാർത്ഥികൾ നൽകിയ 18 ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

തടസം കേരള ബാങ്ക്

കേരള ബാങ്ക് വരുന്നതോടെ പുതിയ ശാഖകൾ തുടങ്ങാനും തസ്തികകൾ സൃഷ്ടിക്കാനും നിയന്ത്രണം വരും. മുൻവർഷങ്ങളിൽ1500 പേർക്ക് വരെ നിയമനം ലഭിച്ചിരുന്നു.ജില്ലാ ബാങ്ക് നിയമനം പി.എസ്.സിക്ക് വിട്ടതോടെയാണ് എല്ലാം അവതാളത്തിലായതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പ്രൊമോഷൻ നിയമനത്തിനു പകരം റാങ്ക് ലിസ്റ്റിലുള്ളവരെ കൂടി പരിഗണിച്ച് അനുപാതം ഉറപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം.

തുറന്ന യുദ്ധത്തിന്

ഇതിനായി നിരവധി സമരങ്ങൾ നടത്തി. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നൽകിയ നിവേദനങ്ങൾക്ക് കണക്കില്ല. ഇനി തുറന്ന യുദ്ധം വേണ്ടിവരും.

സഹീർ കാലടി,സംസ്ഥാന ജനറൽ സെക്രട്ടറി,പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ