കണ്ണൂർ: സ്വകാര്യ ബസ് ഡ്രൈവറെ, ബസ് തടഞ്ഞുനിർത്തി മർദിച്ചതിൽ പ്രതിഷേധിച്ച് അഴീക്കോട്, അഴീക്കൽ, പുതിയതെരു ഭാഗത്തേക്കുള്ള ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. വ്യാഴാഴ്ച്ച രാത്രി ഓട്ടംകഴിഞ്ഞ് നിർത്തിയിടാൻ പോവുകയായിരുന്ന ലക്ഷ്മി ഗോപാൽ ബസ്‌ ഡ്രൈവറെ അഴീക്കോട് ചാൽ വച്ച് ഏതാനും പേർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ മുതൽ തൊഴിലാളികൾ സംയുക്തമായി മിന്നൽ പണിമുടക്ക് നടത്തിയത്.

സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് ഡ്രൈവറായ മീൻകുന്നിലെ അഖിലി(25) നെയാണ് രാത്രി ഒരു സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചത്.എന്നാൽ സ്റ്റോപ്പ് ഇല്ലാത്തിടത്താണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. ഇതേ തുടർന്നാണ് ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തൊഴിലാളികൾ ഈ ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തി പണിമുടക്ക് ആരംഭിച്ചത്. മർദനത്തിൽ പരിക്കേറ്റ അഖിൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.