കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട്ടുള്ള റെയിൽവെ മേൽപ്പാലത്തിന് ആറു വയസ്സായിട്ടും പാലത്തിൽ വെളിച്ചം എന്നെത്തുമെന്നാണ് ഇതുവഴി പോകുന്ന അസംഖ്യം വാഹനയാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. നേരമിരുട്ടിയാൽ പാലംവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ഇരുട്ടിനെ അകറ്റുന്നത്.

2012 ലാണ് പാലം തുറന്നു കൊടുത്തത്. പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്ന് ഉദ്ഘാടന സമയത്ത് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതാണെങ്കിലും ഇതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.താൻ കൗൺസിലറായി ചുമതലയേറ്റതു മുതൽ പടന്നക്കാട് മേൽപ്പാലത്തിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ ശ്രമിച്ചുവരികയാണെന്ന് അബ്ദുൾ റസാഖ് തായിലക്കണ്ടി പറയുന്നു. ദേശീയപാതയിലെ ഏറ്റവും നീളംകൂടിയ മേൽപ്പാലമാണിത്. ഇതിന്റെ ദൈർഘ്യം 800 മീറ്റർ വരും. പടന്നക്കാട് ടൗണിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റിൽ നിന്നുള്ള വെളിച്ചവും ഇപ്പോൾ പാലത്തിൽ ലഭിക്കുന്നുണ്ട്. പടന്നക്കാട് മേൽപ്പാലം ഉദ്ഘാടനം ചെയ്തതിനു ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്ത പയ്യന്നൂർ റെയിൽവെ മേൽപ്പാലം രാത്രി പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ചിത്രവും ഇരുട്ടിൽ കഴിയുന്ന പടന്നക്കാട് പാലവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയുണ്ടായി. സ്വകാര്യ സ്ഥാപനം തെരുവുവിളക്ക് സ്ഥാപിക്കാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച പ്രോജക്ട് മുനിസിപ്പൽ ചെയർമാന് സമർപ്പിച്ചിട്ടുണ്ടെന്നും വാർഡ് കൗൺസിലർ പറയുന്നു. ഈ വിഷയത്തിൽ ചെയർമാൻ തീരുമാനമെടുക്കുന്നില്ലെന്നാണ് കൗൺസിലറുടെ പരാതി.