കണ്ണൂർ:ഒക്ടോബർ 15 ന് ഇന്റർ നാഷണൽ ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡ് ലോക വെള്ളവടി ദിനമായി ആചരിക്കുമ്പോഴും കാഴ്ചാവൈകല്യമുള്ളവർക്കായി സ‌ർക്കാർ ആനൂകൂല്യങ്ങൾ പൂർണമായും ഉറപ്പുവരുത്താൻ സർക്കാരിനായിട്ടില്ല. വികലാംഗർക്കായി പ്രത്യേക കോടതി,വികലാംഗ കമ്മിഷനിൽ വികലാംഗ പ്രാതിനിധ്യം എന്നിവ ഉറപ്പുവരുത്താൻ 2016 ൽ പാർലമെന്റിൽ പാസായ ആർ.പി. ഡി.ബില്ലിലെ വ്യവസ്ഥ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

വികലാംഗ സംരക്ഷണ നിയമ പ്രകാരം 1995 മുതലുള്ള എല്ലാ നിയമനത്തിന്റെയും മൂന്ന് ശതമാനം നിയമനം കാഴ്ച ഇല്ലാത്തവർക്ക് നൽകണമെന്ന് കോടതി വിധിയുണ്ട്.പക്ഷെ ഇതു വരെ നടപ്പിലായിട്ടില്ല.ജില്ലയിൽ കാഴ്ചയില്ലാത്ത ആയിരത്തോളം പേരുണ്ട്. ഇതിൽ 600 പേർ പൂർണമായും കാഴ്ച്ച നഷ്ടപ്പെട്ടവരാണ്.ഇവരിൽ 40 അദ്ധ്യാപകരും നാല് പ്രൊഫസർമാരും ഒരു ഡെപ്യൂട്ടി കളക്ടറും പെടും.18 വയസ്സിന് മുകളിൽ കാഴ്ച്ചയില്ലാത്തതും തൊഴിൽ ചെയ്യാൻ സാധിക്കാത്തതുമായവ‌ർക്ക് മറ്റ് സംസ്ഥാനങ്ങളിൽ മൂവായിരം രൂപ നല്കുമ്പോൾ കേരളത്തിൽ സർക്കാ‌ർ 1300 രൂപ മാത്രമാണ് നല്കുന്നത്. തുക വർദ്ധിപ്പിക്കാൻ കേരളാ ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്സ് അടക്കമുള്ള സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതു വരെ പരിഗണിക്കപ്പെട്ടിട്ടില്ല.

കാഴ്ച്ചയില്ലാത്തവർക്ക് സ്വന്തമായും സുരക്ഷിതമായും ഉപയോഗിക്കാൻ ഇന്ന് ലഭിക്കുന്ന ഏക ഉപകരണമാണ് വെറ്റ് കെയിൻ.

സാങ്കേതിക പഠനാവസരം വേണം

കമ്പ്യൂട്ടർ പഠനവും,സ്മാർട്ട് ഫോൺ ഉപയോഗം,മറ്റ് സാങ്കേതിക പഠനം ഉൾപ്പെടെയുള്ളവ പഠിക്കുവാനുമുള്ള സംവീധാനം കാഴ്ച്ചയില്ലാത്തവർക്കും നടപ്പിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.സർക്കാർ തലത്തിൽ കാഴ്ച്ചയില്ലാത്തവർക്കുള്ള കംപ്യൂട്ടർ പഠനത്തിനായി ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കിയെങ്കിലും ഒരു വർഷമായി നിലച്ച സ്ഥിതിയാണ്.ജില്ലയിൽ തോട്ടട കപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.എന്നാൽ രണ്ട് വർഷം പ്രവർത്തിച്ചെങ്കിലും നിലവിൽ അതും നിലച്ചിരിക്കുകയാണ്.

ടി.എൻ.മുരളീധരൻ

ജില്ലാ സെക്രട്ടറി,കേരളാ ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്സ്

വികലാംഗർക്കും മുന്നോട്ടു വരണമെങ്കിൽ ഒരു തീരുമാനമെടുക്കാനുള്ള മേഖലയിൽ സംവരണം ഏർപ്പെടുത്തണം.എന്നാൽ മാത്രമേ അവരുടെ ശബ്ദവും സമൂഹത്തിൽ എത്തുകയുള്ളൂ.ഭരണ സംവിധാനങ്ങളിലും വികലാംഗരെ ഉൾപ്പെടുത്തണം.