കണ്ണൂർ: യോഗ അദ്ധ്യാപകരുടെ ഒഴിവിലേക്ക് യോഗശാസ്ത്രത്തിൽ അംഗീകൃതയോഗ്യത നേടിയ അദ്ധ്യാപകർ പടിക്കുപുറത്ത്. അടിസ്ഥാനയോഗ്യത പോലും നിഷ്‌കർഷിക്കാത്ത, അംഗീകാരമില്ലാത്ത സ്‌പോർട്‌സ് കൗൺസിലിന്റെ യോഗ സർട്ടിഫിക്കറ്റുള്ളവർക്കാണ് പരിഗണന ലഭിക്കുന്നതെന്നാണ് ഇവരുടെ പരാതി.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യ ബിരുദമോ ഉള്ളവരെയോ യോഗ അസോസിയേഷനും കേരള സ്‌പോർട്‌സ് കൗൺസിലും അംഗീകരിച്ച യോഗ്യത ഉള്ളവരെയോ യോഗ പരിശീലകരായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാമെന്നാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ സർക്കുലർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ യോഗ അദ്ധ്യാപകരുടെ ഒഴിവിലേക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അംഗീകൃത സർവകലാശാലകളും സ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുമായി ചെല്ലുന്നവരേക്കാൾ സ്‌പോർട്‌സ് കൗൺസിലിന്റെ യോഗ സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് മുൻഗണന ലഭിക്കുകയാണ് .
കണ്ണൂർ യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ച യോഗശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ അനാട്ടമി. ഫിസിയോളജി, ആയുർവേദം, നാച്ചുറോപ്പതി ചികിത്സാരീതികളെ സമന്വയിപ്പിച്ച പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകൾ പൂർത്തിയാക്കിയ നിരവധി ഉദ്യോഗാർത്ഥികളാണ് ഇതുമൂലം നക്ഷത്രമെണ്ണുന്നത്.ഇതിനുപുറമെ കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ഗുരുവായൂരപ്പൻ കോളജിൽ എം.എസ്.സി യോഗതെറാപ്പിയും കേരള സർവകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളും കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയിൽ പി. ജി ഡിപ്ലോമ കോഴ്‌സുകളും നടന്നുവരുന്നുണ്ട്. ഇത്തരം കോഴ്‌സുകൾ നിലനിൽക്കെയാണ് സ്പോർട്സ് കൗൺസിലിന്റെ ഹ്രസ്വകോഴ്‌സ് കഴിഞ്ഞെത്തുന്നവർക്ക് സർക്കാർ പരിഗണന നൽകുന്നത്.
ഈ അവ്യക്തമായ സർക്കുലർ കാരണം വിവിധ വകുപ്പ് മേലധികാരികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും ഉയർന്ന യോഗ്യതയുള്ളവരെ തഴയേണ്ട അവസ്ഥയാണ്. പകരം യോഗയുമായി ബന്ധമില്ലാത്തവർക്ക് നിയമനം ലഭിക്കുകയുമാണ്. ഇത്തരം നീക്കങ്ങൾ യോഗശാസ്ത്രത്തെ കുറിച്ച് വികലമായ കാഴ്ചപ്പാട് സൃഷ്ടിക്കാനും ജനങ്ങളെ അനാരോഗ്യത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും യോഗശാസ്ത്രത്തിൽ അംഗീകൃത യോഗ്യത നേടിയ അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
സർക്കുലറിൽ മാറ്റം വരുത്തണം:യോഗ ടീച്ചേഴ്‌സ് യൂണിയൻ
യോഗാ അദ്ധ്യാപകരെ നിയമിക്കുന്ന സർക്കുലറിൽ മാറ്റം വരുത്തി എല്ലാവർക്കും നീതി ലഭിക്കുന്ന രീതിയിൽ വ്യക്തമായ മാനദണ്ഡങ്ങളോടു കൂടി സർക്കുലർ പ്രസിദ്ധീകരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. വിഷയത്തിൽ അനുകൂല നടപടിയുകളുണ്ടായില്ലെങ്കിൽ യൂണിയന്റെ നേതൃത്വത്തിൽ യോഗ അദ്ധ്യാപകർ സമരത്തിനിറങ്ങുമെന്നും ഭാരവാഹികളായ ഡോ. ടി.വി പത്മനാഭൻ, ടി.പി അശോക് കുമാർ, ഷാജി കരിപ്പത്ത്, പി.കെ ഗോവിന്ദൻ എന്നിവർ പറഞ്ഞു.
ട്രൂലി ട്രെഡിഷനൽ മിസ് മലബാർ 2018 ഡിസംബറിൽ
കണ്ണൂർ: ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ വാസ്പ് ഇവന്റ് മാനേജ്‌മെന്റ് ഡ്രീം ഡേ മേക്കേഴ്‌സുമായി സഹകരിച്ച് ട്രൂലി ട്രെഡിഷനൽ മിസ് മലബാർ 2018 മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് തൃശ്ശൂർ ശോഭ സിറ്റി മാളിലാണ് ഗ്രാൻഡ് ഫിനാലെ. ഓഡീഷനിലൂടെ 20 പേരെ മത്സരത്തിന് തിരഞ്ഞെടുക്കും. കേരളത്തിൽ ജനിച്ച 17നും 25നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ഫാഷൻ കോറിയോഗ്രാഫർ ഡാലൂവിന്റെ നേതൃത്വത്തിലുള്ള ഗ്രൂമിംഗ് സെഷനും കോറിയോഗ്രാഫിയുമാണ് ഇതിൽ പ്രധാനം. കൂടുതൽ വിവരങ്ങൾക്ക് 9745351408, 9746969608 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. വാർത്താസമ്മേളനത്തിൽ വാസ്പ് ഇവന്റ് മാനേജ്‌മെന്റ് എം.ഡി ശ്രീകുമാർ, കഴിഞ്ഞ വർഷത്തെ മിസ് മലബാർ വർഷ വേണുഗോപാൽ, സുമേഷ് എന്നിവർ സംബന്ധിച്ചു.