കാഞ്ഞങ്ങാട്: വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരത്തിൽ കൊണ്ടു വന്ന ഭൂഗർഭ കേബിൾ പദ്ധതി പാഴായതായി സംശയം.വർഷങ്ങൾക്ക് മുമ്പെ ഭൂമിക്കടിയിലിട്ട കേബിളുകൾ മുറിഞ്ഞുംമറ്റും പ്രവർത്തനയോഗ്യമല്ലാതായിത്തീർ‌ന്നതോടെയാണ് പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയില്ലെന്ന സാഹചര്യം സൃഷ്ടിച്ചത്.

രണ്ടുകോടി രൂപ ചിലവിൽ കേന്ദ്രസർക്കാർ പദ്ധതിയാണ് കേബിൾ വൈദ്യതി. ടൗണിൽ ആലാമിപ്പള്ളി പുതിയബസ് സ്റ്റാൻഡ് മുതൽ അതിഞ്ഞാൽ വരെ രണ്ടു കിലോമീറ്റർ ദൈർഘ്യത്തിലാണ് 2006 ൽ കേബിൾ വലിച്ചത്.12 വർഷമായി കേബിളുകൾ പ്രവർത്തിക്കാതെ ഭൂമിക്കടിയിൽ കിടക്കുകയാണ്. കാഞ്ഞങ്ങാട്ട് കെ.എസ്.ടി.പി റോഡ് പണി തുടങ്ങിയപ്പോൾ കേബിൾ വൈദ്യുതിയും ചർച്ചചെയ്യപ്പെട്ടിരുന്നു. മൂന്നു മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് കഴിഞ്ഞവർഷം റോഡുനിമ്മാണ വേളയിൽ കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞത്.

റോഡ് നിർമ്മാണം പൂർത്തിയായപ്പോഴും വൈദ്യുതപദ്ധതി തുടങ്ങിയേടത്തു തന്നെ .പവർ ടെലികോം കമ്മിറ്റിയുടെ അനുമതി കിട്ടാത്തതാണ് കേബിൾ വൈദ്യുതി ചാർജിംഗിന് തടസ്സമായി നിന്നിരുന്നത്. എന്നാൽ ഇപ്പോൾ ലൈൻ പരിശോധനയിലാണെന്നാണ് അധികൃതർ പറയുന്നത്. ടെലിഫോൺ കേബിളും വൈദ്യുതി കേബിളും തമ്മിൽ നിശ്ചിത അകലം പാലിച്ചില്ലെന്നതാണ് പവർ‌ കമ്മിറ്റി കണ്ടെത്തിയ സാങ്കേതിക പ്രശ്നം. ഇത് പരിഹരിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ പി. സീതാരാമൻ പറയുന്നു. കെ.എസ്.ടി.പി റോഡു നിർമ്മാണത്തെ തുടർന്ന് ചിലയിടങ്ങളിൽ കേബിൾ മുറിഞ്ഞ് പോകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ലക്ഷ്യം

പ്രസരണനഷ്ടം കുറക്കുന്നതിനു പുറമെ കാറ്റിലും മഴയിലും മറ്റും ഉണ്ടാകുന്ന വൈദ്യുതി തകരാറുകൾ പരമാവധി കുറയ്ക്കുക, വൈദ്യുതി അപകടങ്ങൾ കുറയ്ക്കുക എന്നിവയും ഭൂഗർഭ വൈദ്യതി കേബിൾ പദ്ധതി ലക്ഷ്യമിട്ടിരുന്നു.

അടുത്തയാഴ്ച പരിശോധന തുടരും. തകരാറുകളൊന്നുമില്ലെങ്കിൽ ഡിസംബറോടെ കമ്മീഷൻ ചെയ്യാൻ കഴിയും

അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അബൂബക്കർ കടവത്ത്.