കൂത്തുപറമ്പ് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ പിണറായി പാണ്ട്യാല മുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് ഒരു കിലോമീറ്റർ അകലെ പടിഞ്ഞിറ്റാം മുറിയിൽ വച്ച് പൊലീസ് സംഘം മാർച്ച് തടഞ്ഞു. ഒരു വിഭാഗം പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചത് അല്‌പനേരം സംഘർഷാവസ്ഥയുണ്ടാക്കി.
മമ്പറം ടൗൺ കേന്ദ്രീകരിച്ചാണ് യുവമോർച്ച ജില്ലാ കമ്മറ്റി മാർച്ച് നടത്തിയത്. തലശ്ശേരി എ.എസ്.പി ചൈത്രാ തേരേസാ ജോൺ, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തലശേരി സബ് ഡിവിഷനിൽ നിന്നും പൊലീസ് സന്നാഹത്തെ പിണറായിയിൽ വിന്യസിച്ചിരുന്നു. വിശ്വാസികളുടെ വികാരം മാനിക്കാതെ സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. അരുൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വി. അജേഷ്, കെ.സി. ജയേഷ്, ജില്ലാ സെക്രട്ടറി രൂപേഷ് തൈവളപ്പിൽ, സുജീഷ് എളയാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.