തളിപ്പറമ്പ്: സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയൻ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.ഫയർഫോഴ്സിൽ വനിതകളുടെ പ്രത്യേക വിഭാഗം വും ആരംഭിക്കാനുള്ള നടപടി പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായ സേനാംഗങ്ങളെ അനുമോദിക്കാൻ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മഹാപ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാൻ സാധാരണക്കാർ പോലും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തപ്പോൾ സാലറി ചലഞ്ചിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനാണ് ഒരു വിഭാഗം ജീവനക്കാർ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായ സേനാംഗങ്ങൾക്ക് മന്ത്രി ഉപഹാരം നൽകി. കേരളാ പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. കെഎപി കമാൻഡന്റ് കോറി സഞ്ജയ് കുമാർ ഗുരുഡിൻ, ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള, സണ്ണി ജോസഫ്, റോയ് പി.ജോസഫ് എന്നിവർ പ്രസംഗിച്ചു.

ബസ്സിൽ നിന്നു തെറിച്ചുവീണ്

വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ്: ഓട്ടത്തിനിടെ ബസ്സിൽ നിന്നു റോഡിലേക്ക് തെറിച്ച് വീണ് മമ്പറം ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി പന്യോറയിലെ നബീലിന് (16) സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടര മണിയോടെ തൊക്കിലങ്ങാടി ടൗണിനടുത്താണ് അപകടം. പിൻഭാഗത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നബീലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.