മട്ടന്നൂർ:വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) പരിശോധനയുടെ ഭാഗമായി കാലിബ്രേഷൻ വീണ്ടും. പരീക്ഷണപ്പറക്കലിന് യാത്രാവിമാനം ഇന്നോ നാളെയോ ഇനിയുമെത്തും.

ഇന്നലെ കാലാവസ്ഥ അനൂകുലമായ സാഹചര്യത്തിൽ മൂന്നാം തവണ കാലിബ്രേഷൻ തീരുമാനിക്കുകകയായിരുന്നു. ഡോണിയർ വിമാനമാണ് ഇവിടെയെത്തിയത്.

കഴിഞ്ഞ 11ന് കാലിബ്രേഷൻ ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ, ഫലം തൃപ്തികരമായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് പരിശോധനയുടെ ഭാഗമായി എയർപോർട്ട് അതോറിറ്റിയുടെ ചെറുവിമാനം എത്തിയത്.

കഴിഞ്ഞ ദിവസം കാലിബ്രേഷൻ നിശ്ചയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റിയിരുന്നു. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് എത്തിയ വിമാനം ആകാശം മേഘാവൃതമായതോടെ നേരിട്ടു മംഗളൂരുവിലേക്കു പറക്കുകയായിരുന്നു. ഇന്നോ നാളെയോ വിമാനം വീണ്ടും കണ്ണൂരിലെത്തിച്ചു പരിശോധനകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കിയാൽ അധികൃതർ. ആഗസ്റ്റ് 30, 31, സെപ്തംബർ 1 തീയതികളിലായി എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ച് ഐഎൽഎസ് കാലിബ്രേഷൻ നടത്തിയിരുന്നു. ഇതിനുശേഷം തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജർ പ്രകാരം എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ വിമാനങ്ങൾ 2, 3 തീയതികളിൽ പരീക്ഷണപ്പറക്കൽ നടത്തിയെങ്കിലും പൂർണവിജയമായിരുന്നില്ല.