അവിശ്വാസികളായ യുവതിസഖാക്കളെ ശബരിമലയിലേക്ക്
അയയ്ക്കാൻ സി.പി.എം ഗൂഢാലോചന: അഡ്വ. ശ്രീകാന്ത്
കാസർകോട്: പുരുഷ സഖാക്കൾ ശബരിമലയിൽ പോകുന്നത് വിലക്കുന്ന സി.പി.എം, ആചാരങ്ങൾ അട്ടിമറിക്കാൻ വനിതാ സഖാക്കളെ മലകയറ്റാൻ ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ശബരിമല ആചാര അനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാർ ഷെട്ടി, യുവമോർച്ച സംസ്ഥാന സമിതി അംഗം പി.ആർ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സദാനന്ദ റൈ, എം. ജനനി, സവിത, ട്രെസ്സുർ ജി. ചന്ദ്രൻ, ബി.ശിവകൃഷ്ണ ഭട്ട്, എ.പി ഹരീഷ് കുമാർ, ധനഞ്ജയൻ മധുർ, അഞ്ചു ജോസ്റ്റി, മധുർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, മണ്ഡലം ജനറൽ സെക്രട്ടറി സുകുമാർ കുദ്രെപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട്ട് മണ്ഡലം പ്രസിഡന്റ് എൻ. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, കർഷകമോർച്ച ജില്ല പ്രസിഡന്റ് ഇ. കൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് കെ.വി മാത്യു എന്നിവർ സംസാരിച്ചു. മനുലാൽ മേലത്ത് സ്വഗതവും കെ. പ്രേമരാജ് നന്ദിയും പറഞ്ഞു.