കണ്ണൂർ: ഈ പൊലീസ് സ്റ്റേഷനിൽ വന്നാൽ ആഹാരം ഉറപ്പ്. പേടിക്കണ്ട, തല്ലോ ശകാരമോ അല്ല. മൂന്നു നേരവും വിശപ്പടക്കാൻ നല്ല ഭക്ഷണംതന്നെ കിട്ടും. ഒരാളും വിശന്നുവലയാതിരിക്കാൻ അക്ഷയപാത്രവുമായി കാത്തുനില്ക്കുകയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ. 10 മാസത്തിനിടെ ഊട്ടിയത് 20,000 പേരെ. ലോക ഭക്ഷ്യദിനമായ ഇന്നലെ ഉച്ചയൂണിനെത്തിയവർക്ക് ഓരോ സ്റ്റീൽ പ്ളേറ്റും നൽകി.
കഴിഞ്ഞ ഡിസംബറിലാണ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെയും സി.ഐ ടി.കെ. രത്നകുമാറിന്റെയും നേതൃത്വത്തിൽ ഒരു കൗതുകത്തിന് സ്റ്റേഷനുമുന്നിൽ അത്താഴക്കൂട്ടം എന്ന പേരിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. ഇതോടെ പല ഭാഗത്തുനിന്നും സ്പോൺസർമാർ എത്തി. ഉച്ചയ്ക്കു മാത്രമല്ല, രാവിലെയും രാത്രിയും ഭക്ഷണം നൽകാനാവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പുനൽകി. ഹോട്ടലുകളിൽ നിന്നു പൊതി ശേഖരിച്ച് കൗണ്ടറിലെത്തിക്കുന്നത് പൊലീസുകാർ തന്നെ.
രാവിലെ 7.30 മുതൽ 8.30 വരെ ഉപ്പുമാവും ചായയും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഊണ്. ചിലപ്പോൾ ബിരിയാണിയും നെയ്ച്ചോറും. രാത്രി ഏഴു മുതൽ ഒൻപതു വരെ അത്താഴം. വിതരണത്തിന് ഒരു ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്. അവരുടെ ജോലിസമയം കഴിഞ്ഞാലും അത്താഴം കിട്ടാതെവരില്ല. അവിടെയുള്ളത് എടുത്തുകഴിക്കാം. അതു തീർന്നാൽ സ്റ്റേഷനിൽ പറഞ്ഞാൽ അത്താഴം പറന്നെത്തും.
ഭക്ഷണം എല്ലാവർക്കും, പക്ഷേ...
തെരുവിൽ അലയുന്നവർക്കു മാത്രമുള്ള സംരംഭമല്ലിത്. ഇവിടെ ആർക്കും ഭക്ഷണം ലഭിക്കും. പക്ഷേ, മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണമില്ല. പെട്ടിക്കുള്ളിൽ ഭക്ഷണം ഇഷ്ടംപോലെയുണ്ടെന്നു കരുതി അടിച്ചുമാറ്റാമെന്നു വിചാരിക്കേണ്ട, ചുറ്റിലും കാമറയുണ്ട്.