കാസർകോട്: ഒമ്പതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എത്തുന്നു. 2009 ലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കുള്ള പദ്ധതി വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയത്. പുരാവസ്തു വകുപ്പിൽ നിന്നടക്കമുള്ള അനുമതികൾ നീണ്ടുപോയതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഡിസംബർ അവസാനത്തോടു കൂടി തുറന്നു കൊടുക്കുന്ന രീതിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ നിർമാണം പൂർത്തിയാക്കാൻ ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനെത്തുന്നവർക്കുള്ള ഇരിപ്പിട സൗകര്യം ഒരുക്കുന്നതിന് തയ്യാറാക്കുന്ന പ്ലാറ്റ്ഫോം, കോട്ടയുടെ വാച്ച് ടവറിന് സമീപമായാണ് ഒരുക്കുക. പ്രൊജക്ടർ ഉൾപെടെയുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
കോട്ടയുടെ ഒരു ഭാഗം വൈദ്യുതാലങ്കാരങ്ങൾ കൊണ്ട് വർണാഭമാക്കാനും ആലോചനയുണ്ട്. നാലു കോടി രൂപ ചെലവിലാണ് വിനോദ സഞ്ചാര വകുപ്പ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള ബി.എൻ.എ ടെക്നോളജി കൺസൾട്ടൻസിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വർഷക്കാലം ഇവർ തന്നെയായിരിക്കും ഷോയും നടത്തുക. പിന്നീട് ഡി.ടി.പി.സിക്ക് കൈമാറും.