ചെറുവത്തൂർ: ആഹാരശീലങ്ങളിൽ നിന്നും അന്യംനിന്നുപോകുന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ താളിൻപോള പുളശ്ശേരിയും കാമ്പും കൂമ്പും ഉപ്പേരിയും ഒരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ.
ലോക ഭക്ഷ്യ ദിനമായ ഇന്നലെ വീട്ടുപരിസരങ്ങളിൽ നിന്നും ലഭിക്കുന്ന പപ്പായ, കാമ്പ്, കൂമ്പ്, മരച്ചീനി, ചേന, ചേമ്പ്, താളിൻപോള ഭക്ഷ്യയോഗ്യമായ ഇലകൾ എന്നിവയുമായാണ് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ഇവ ഉപയോഗിച്ച് അമ്മക്കൂട്ടം അംഗങ്ങൾ വിവിധതരം വിഭവങ്ങൾ ഒരുക്കി. വിഭവങ്ങൾ തയാറാക്കുന്നതും കുട്ടികൾ കണ്ടുമനസിലാക്കി.
പപ്പായയും താളിൻ പോളയും പുളശ്ശേരി, കാമ്പ് ഉപ്പേരി, കൂമ്പ് ഉപ്പേരി, മുരിങ്ങയില ഉപ്പേരി, ചേനയില വറവ്, ചേന വറവ്, ചീരക്കറി, തവരയില വറവ് തുടങ്ങിയവയായിരുന്നു വിഭവങ്ങൾ. സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. എം.പി.ടി എ പ്രസിഡന്റ് രമ്യ രാജു അധ്യക്ഷത വഹിച്ചു.