കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒന്നാം പ്ലാറ്റ് ഫോം കോൺക്രീറ്റ് ചെയ്ത് ഉയർത്തുന്ന ജോലി തുടങ്ങി. കുറച്ചു ഭാഗങ്ങളിൽ ടൈലുകളും പാകും.
രണ്ടുകോടി രൂപയിലധികം വരുന്ന നവീകരണ പ്രവർത്തനങ്ങളാണ് ആദർശ് സ്റ്റേഷനായി ഉയർത്തിയ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്നത്.
പുതിയ ടിക്കറ്റ് കൗണ്ടറടക്കമുള്ള മറ്റുസംവിധാനങ്ങളുടെ കെട്ടിട പ്രവർത്തി നേരത്തെ തുടങ്ങിയിരുന്നു. ഇതുകൂടാതെ ഒന്നാം പ്ലാറ്റ് ഫോമിലും രണ്ടാം പ്ലാറ്റ് ഫോമിലും പുതിയ മേൽക്കുരകളും പണിഞ്ഞിട്ടുണ്ട്. പ്ലാറ്റ് ഫോം ഉയർത്തൽ ജോലി യാത്രക്കാർക്ക് വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും പ്രവർത്തി വേഗത്തിൽ നടക്കുന്നതിനാൽ ഉടൻ പൂർത്തീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഒന്നാം പ്ലാറ്റ് ഫോമിന്റെ മേൽക്കൂര നീട്ടുക കൂടി ചെയ്താൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കാമായിരുന്നുവെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.