കാഞ്ഞങ്ങാട്: അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് നീലേശ്വരം അക്കാഡമിയിലെ ഏഴുകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ടി.എൻ. സുതീർത്ഥ്, ശ്രീനന്ദൻ, മെൽവീൻ മൈക്കിൾ, സിദ്ധാർത്ഥ് നമ്പ്യാർ, ദേവദത്തൻ, അക്ഷയ്, സംഗീത്കുമാർ എന്നിവരാണ് ഈ മിടുക്കന്മാർ. കഴിഞ്ഞ ദിവസം കാസർകോട്ടായിരുന്നു സെലക്ഷൻ ക്യാമ്പ്.
നീലേശ്വരത്തെ എം.വി അശോകന്റെ കീഴിൽ ശാസ്ത്രിയ പരിശീലനം നടത്തിയവരാണ് ഇവർ .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധികുട്ടികൾ അശോകനു കീഴിൽ അക്കാഡമിയിൽ പരിശീലനം തേടുന്നുണ്ട്.
സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ചിറ്റാരിക്കാലിലെ ഹേമന്ദ്കുമാർ, ജൂനിയർ ടീമിൽ അംഗങ്ങളായ ശ്രീദർശ്, ശ്രീചന്ദ്, സാഹീർ സഖീർ എന്നിവരും നീലേശ്വരം ക്രിക്കറ്റ് അക്കാഡമിയുടെ സംഭാവനകളാണ്.
ജില്ലാ ക്രിക്കറ്റ് ടീമംഗമായിരുന്ന അശോകൻ ദീർഘകാലം ഗൾഫിലായിരുന്നപ്പോൾ ഷാർജ ക്രിക്കറ്റ് ടീമിലെ മിന്നുംതാരമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷമാണ് ക്രിക്കറ്റ് കളിയോട് കമ്പമുള്ള കുട്ടികളെ കണ്ടെത്തി സൗജന്യമായി പരിശീലനം നൽകി തുടങ്ങിയത്. ക്രിക്കറ്റിനെ നെഞ്ചേറ്റി ഇവിടെ പരിശീലനത്തിനെത്തിയ ഒരു കുട്ടിക്കും നിരാശരാകേണ്ടിവന്നിട്ടില്ല. കഴിഞ്ഞ എഴുവർഷമായി നീലേശ്വരം രാജാസ് ഗ്രൗണ്ടിൽ കാലത്തും വൈകിട്ടും ശനി, ഞായർ ദിവസങ്ങളിൽ ഉച്ചവരെയുമാണ് പരിശീലനം.