കണ്ണൂർ. കാൽതെറ്റി കിണറിൽ വീണ യുവതിയെ ഫയർ ഫോഴ്സ് രക്ഷിച്ചു. അഴീക്കോട് ചക്കരപ്പാറയിലെ ഹാരിഫയെയാണ് 45 അടി താഴ്ച്ചയുള്ള കിണറിൽ നിന്നും ഫയർമാൻ കെ. നിജിലിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചത്. കിണറിൽ 15 അടിയോളം വെള്ളവുമുണ്ടായിരുന്നു, തുടന്ന് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് നീക്കി.
'സ്പീഡ് പേരിൽ മാത്രം' സ്പീഡ് പോസ്റ്റിന്റെ പേരിൽ തപാൽ വകുപ്പിന്റെ പിടിച്ചുപറി
കൂത്തുപറമ്പ്: സ്പീഡ് പോസ്റ്റിന്റെ പേരിൽ തപാൽ വകുപ്പിൽ നടക്കുന്നത് പിടിച്ചുപറി. സ്പീഡ് പോസ്റ്റിൽ അയക്കുന്ന ഉരുപ്പടികൾ പിറ്റേ ദിവസം രാവിലെയോടെ മേൽവിലാസക്കാരന് എത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും നടപ്പിലാകുന്നില്ല. 40 രൂപ മുതൽ ഉരുപ്പടിയുടെ തൂക്കത്തിനനുസിച്ച് തുക ഈടാക്കുമ്പോഴാണ് ഈ അനാസ്ഥ.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് കോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് ഒരു അഭിഭാഷകൻ അയച്ച സ്പീഡ് പോസ്റ്റ് മൂന്നു ദിവസം കൊണ്ടാണ് എത്തിയത്. അടിയന്തിര ആവശ്യമെന്ന നിലയിൽ സ്പീഡ് പോസ്റ്റിന്റെ സഹായം തേടിയെങ്കിലും ഇതാണ് അവസ്ഥയെന്നാണ് പരാതി. മേൽവിലാസക്കാരനുമായി ബന്ധപ്പെട്ടപ്പോഴാണ് സ്പീഡ് പോസ്റ്റ് ഇഴഞ്ഞെത്തിയ വിവരമറിയുന്നത്. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ ചോദിച്ചപ്പോൾ തങ്ങൾ നേരത്തെ അയച്ചെന്നായിരുന്നു മറുപടി. തപാൽ വകുപ്പിന്റെ സൈറ്റിൽ കയറി ട്രാക്ക് ചെയ്താൽ ഇതേ കുറിച്ചറിയാമെന്നായി. ഒരു ദിവസം മുഴുവൻ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പോസ്റ്റൽ രസീതിയിലെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ രാവിലെ 9 മുതൽ ആറ് വരെ മാത്രമാണ് സേവനമെന്നായിരുന്നു പ്രതികരണം. തപാൽ വകുപ്പിന്റെ തല തിരിഞ്ഞ സേവനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അഭിഭാഷകൻ.
കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്
ഇരിട്ടി: കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി എഡ്യുക്കേയർ കോളേജിന്റെ മുന്നാം നില യിൽ നിന്ന് താഴെ വീണ് ഒന്നാം വർഷ ബി.എ വിദ്യാർത്ഥിനി പൂർണിമ(18)യ്ക്കാണ് പരിക്കേറ്റത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടി അപകടനില തരണം ചെയ്താലേ മൊഴിയെടുക്കാൻ കഴിയൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.
താലൂക്ക് കൺവെൻഷൻ
ഇരിട്ടി: കൗൺസിൽ ഓഫ് ദളിത് ക്രിസ്റ്റ്യൻസ് താലൂക്ക് കൺവെൻഷൻ വെള്ളിയാഴ്ച കരിക്കോട്ടക്കരി കൊട്ടുകപ്പാറ എൽ.പി. സ്‌കൂളിൽ നടക്കും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വി.ജെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് മുന്ന് മണിക്ക് നടക്കുന്ന കൺവെൻഷന്റെ മുന്നോടിയായി രാവിലെ 10 മണി മുതൽ വനിത സെമിനാർ നടക്കും.