കൊല്ലൂർ: നവരാത്രി പൂജകളിൽ പങ്കെടുക്കാൻ കൊല്ലൂർ ശ്രീ മൂകാംബിക സന്നിധിയിലേക്ക് ഭക്തരുടെ പ്രവാഹം. വിജയദശമി ദിനമായ നാളെ നടക്കുന്ന വിദ്യാരംഭത്തിനും രഥോത്സവത്തിനും ഒരുക്കം പൂർത്തിയായി.
ഇന്നലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി. രാവിലത്തെ പ്രഭാത മംഗളാരതിയിലും , ശീവേലിയിലും മറ്റു ചടങ്ങുകളിലും നിരവധി പേരാണ് പങ്കുകൊണ്ടത്.
വിജയദശമി ദിവസം പുലർച്ചെ മുതൽ കുട്ടികളെ എഴുത്തിനിരുത്താൻ പതിനായിരങ്ങളാണ് സരസ്വതി മണ്ഡപത്തിൽ എത്തുക.
നാളെ രാവിലെ 11.30 ന് ചണ്ഡികാ യാഗവും ഉച്ചക്ക് ഒന്നിന് നവരാത്രി രഥോത്സവവും നടക്കും. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് എല്ലാ പൂജകളും അടങ്ങുന്നചണ്ഡികാ ഹോമം നടത്തുന്നത്. പുഷ്പാലംകൃതമായ രഥത്തിൽ ദേവീ വിഗ്രഹമേറ്റി ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങാണ് രഥോത്സവം. രഥത്തിൽ നിന്നു കമുകിൻ കുലയും അരിയും പണവും എറിയും. നാണയ തുട്ടുകൾ ഏറ്റുപിടിക്കാൻ രഥത്തിനു ചുറ്റും ആയിരങ്ങൾ ഓടും. നവരാത്രി നാളിൽ മൂകാംബികയിൽ നിന്നു ലഭിക്കുന്ന നാണയ തുട്ടുകൾ കുടുംബത്തിന് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗ, ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.