കണ്ണൂർ: പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ ചുരുളഴിക്കാനുള്ള വലിയ ദൗത്യമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (80), ഭാര്യ കമല (65), ഒൻപത് വയസുകാരി ചെറുമകൾ എന്നിവർ മൂന്ന് മാസത്തിനുള്ളിൽ കൊല്ലപ്പെട്ട സംഭവമാണ് ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയിരിക്കുന്നത്. കേസിൽ തലശേരി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയാണ് (28) മൂന്ന് കൊലപാതകങ്ങളും നടത്തിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആഗസ്റ്റ് 27ന് ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്തതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയരുകയായിരുന്നു. ഇതാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ കാരണമായത്.
2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതിന് ശേഷം മാർച്ചിൽ അമ്മ കമലയും ഏപ്രിലിൽ പിതാവ് കുഞ്ഞിക്കണ്ണനും സമാന അസുഖങ്ങളെ തുടർന്ന് മരിച്ചു. ഒരു വീട്ടിൽ തുടർച്ചയായുണ്ടായ മരണങ്ങൾ ദുരൂഹതയ്ക്കിടയാക്കി. എന്നാൽ വീട്ടുകിണറിലെ വെള്ളത്തിൽ വിഷാംശമുണ്ടെന്നായിരുന്നു സൗമ്യ നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകങ്ങളാണെന്ന് കണ്ടെത്തി.
എന്നാൽ സൗമ്യയുമായി ബന്ധമുള്ള ചിലർക്ക് കൊലപാതകത്തിൽ പങ്കുള്ളതായ ആരോപണം പൊലീസ് അന്വേഷണത്തിൽ തള്ളിയിരുന്നു. സൗമ്യയുടെ ഫോൺ കോളുകളെ കുറിച്ചും ഇവരുമായി ബന്ധമുണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മകളുടെ മരണശേഷം ഒരു യുവാവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണങ്ങളുണ്ടായി. ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ലോക്കൽ പൊലീസ്, താൻ മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്ന സൗമ്യയുടെ മൊഴി ശരിവച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലിൽ മരിക്കുന്നതിന് മുമ്പ് സൗമ്യയെഴുതിയ കുറിപ്പുകളിൽ മറ്റാരെയോ കുറിച്ച് പറയുന്നുവെന്ന വിവരങ്ങൾ അതിനിടെ പുറത്തുവന്നു.
മകളെ അഭിസംബോധന ചെയ്തായിരുന്നു സൗമ്യയുടെ കുറിപ്പ്. അതിൽ 'കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും, ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. ' എന്നു പറയുന്നത് ചൂണ്ടിക്കാട്ടി ബന്ധുക്കളും കർമ്മസമിതി ഭാരവാഹികളും രംഗത്തുവരികയായിരുന്നു.
എന്നാൽ സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതോടെ അന്വേഷണം അവസാനിച്ചു എന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞമാസം കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പിയുടെ ഉത്തരവുണ്ടായത്. കേസ് ഫയൽ ക്രൈംബ്രാഞ്ചിന് മുന്നിൽ എത്തിക്കഴിഞ്ഞു. ഡിവൈ.എസ്.പി യു.പ്രേമനാണ് അന്വേഷണ ചുമതല. കേസ് ഫയൽ പഠിക്കുകയാണെന്നും വൈകാതെ അന്വേഷണം തുടങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.