ചെറുവത്തൂർ: എല്ലാ തരത്തിലുമുള്ള അധികാരവും ഉപയോഗപ്പെടുത്തി ജനാധിപത്യത്തിന്റെ സർവ ചിഹ്നങ്ങളെയും തച്ചുടക്കുകയാണ് ഇന്ത്യൻ ഭരണകൂടം ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയ പരിസരത്ത് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച നിശാപാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘം ജില്ലാ പ്രസിഡന്റ് സി.എം വിനയചന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രളയത്തെ തുടർന്ന് നശിച്ച ഗ്രന്ഥശാലകളുടെ പുനർനിർമാണത്തിന് ലൈബ്രറി കൗൺസിൽ നടത്തുന്ന ബുക്ക് ചലഞ്ചിലേക്ക് വിവിധ ഏരിയകൾ വഴി ആദ്യഘട്ടമായി സംഘം ശേഖരിച്ച ഇരുന്നൂറോളം പുസ്തകങ്ങൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.വി.കെ പനയാൽ ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് ആമുഖഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ മുനമ്പത്ത് ഗോവിന്ദൻ, ജനറൽ കൺവീനർ ജയചന്ദ്രൻ കുട്ടമത്ത് സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള നൂറ്റമ്പതോളം പ്രതിനിധികൾ നിശാപാഠശാലയിൽ പങ്കെടുത്തു.