കണ്ണൂർ/ തിരുവനന്തപുരം : പി.ബി. അബ്ദുൾ റസാഖ് വിടവാങ്ങിയതോടെ മഞ്ചേശ്വരമെന്ന അതിർത്തി മണ്ഡലത്തിലേക്ക് വീണ്ടും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ തിരിയുന്നു. മുസ്ലിംലീഗ് ശക്തിദുർഗമായി കാണുന്ന മഞ്ചേശ്വരത്ത് സി.പി.എമ്മിനൊപ്പമോ അതിലേറെയോ സ്വാധീനം ബി.ജെ.പിയും അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ പുതിയ വിധിയെന്താകുമെന്നതിൽ ഏവർക്കും അകാംക്ഷയുണ്ട്.
നേമത്ത് ഒ. രാജഗോപാൽ വിരിയിച്ച താമര മഞ്ചേശ്വരത്തും വിടർത്താനാണ് ബി.ജെ.പി കച്ചകെട്ടുന്നത്. 27ന് കണ്ണൂരിലെത്തുന്ന ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് നേതാക്കളുമായി ചർച്ച നടത്തും. കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കാൻ പല വഴികളും തേടുന്ന ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം വലിയ പ്രതീക്ഷയോടെ മഞ്ചേശ്വരത്തെ ഉറ്റുനോക്കുന്നു. വെറും 89 വോട്ടിനാണല്ലോ കഴിഞ്ഞ തവണ സീറ്റ് കൈവിട്ടത്. ഉപതിരഞ്ഞെടുപ്പ് ആസന്നമായ സ്ഥിതിക്ക് ശബരിമലയിലെ പ്രതിഷേധ നീക്കങ്ങൾ സംഘപരിവാർ ഒന്നുകൂടി കനപ്പിച്ചേക്കാം.
1987ന് ശേഷമിങ്ങോട്ട് മഞ്ചേശ്വരത്ത് ബി.ജെ.പി തുടർച്ചയായി രണ്ടാം സ്ഥാനത്തെത്തുന്നുണ്ട്. സി.പി.എമ്മാകട്ടെ 1982ന് ശേഷം സി.എച്ച്. കുഞ്ഞമ്പുവിലൂടെ 2006ൽ മഞ്ചേശ്വരം തിരിച്ചുപിടിച്ചു. എന്നാൽ, 2011 മുതലിങ്ങോട്ട് സി.പി.എം തുടർച്ചയായി മൂന്നാം സ്ഥാനത്താണ്. ഇതെല്ലാം ബി.ജെ.പി പ്രതീക്ഷകളെ ഉണർത്തുന്ന ഘടകങ്ങളാണ്.
അതേസമയം, ഭരണാനുകൂല വികാരം പ്രതിഫലിപ്പിക്കുന്ന വിധിയാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തിൽ. അതിനാൽ മഞ്ചേശ്വരത്ത് പതിനെട്ടടവും അവർ പയറ്റും.സിറ്റിംഗ് സീറ്റ് നിലനിറുത്തുകയെന്നത് യു.ഡി.എഫിനും ലീഗിനും പ്രധാനമാണ്. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിന് അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് ശ്രമിക്കുമ്പോൾ. അതുകൊണ്ട് ശക്തികേന്ദ്രത്തിൽ ലീഗ് ഏത് തന്ത്രവും പയറ്റാതിരിക്കില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമോ, മുൻപോ?
സീറ്റ് ഒഴിവു വന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. നിയമസഭാ സ്പീക്കറുടെ കത്ത് പ്രകാരം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നൽകുന്ന റിപ്പോർട്ടനുസരിച്ചാകും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുക. ആറ് മാസ പരിധി തീരുക ഏപ്രിലിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയും അതുതന്നെ. അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും എത്താനുള്ള സാദ്ധ്യത കൂടുതലാണ്. അതേസമയം, മഞ്ചേശ്വരം ഫലം ഉത്തേജക ഘടകമാക്കാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് ഉപതിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നുകഴിഞ്ഞു. അതിനാൽ ഇടത്, വലത് മുന്നണികൾ ജാഗ്രതയിലാണ്.