abdul-rasakh-mla

കാസർകോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. പനി ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്നു ദിവസമായി ചികിത്സയിലായിരുന്ന അബ്ദുൾ റസാഖിന്റെ അന്ത്യം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തുടർച്ചയായി രണ്ടു തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ അബ്ദുൾ റസാഖ് 2011ൽ സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിനെ 5828 വോട്ടിന് പരാജയപ്പെടുത്തി. 2016ലെ വാശിയേറിയ പോരാട്ടത്തിൽ കേവലം 89 വോട്ടുകൾക്ക് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ കീഴടക്കി രണ്ടാമതും നിയമസഭാംഗമായി.

ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം, മൂന്ന് മാസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മുസ്ലിം ലീഗ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കാസർകോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ചെങ്കളയിലെ പടിഞ്ഞാർമൂല ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിന്നിരുന്ന കുടുംബത്തിൽ പിറന്ന അബ്ദുൾ റസാഖ് സ്വപ്രയത്‌നം കൊണ്ട് വ്യവസായ പ്രമുഖനായി വളർന്നു. ഭാര്യ: സഫിയ. മക്കൾ: സായിറ റസാഖ്, ഷഫീഖ് റസാഖ്, ഷൈല റസാഖ്, ഷൈമ റസാഖ്. മരുമക്കൾ: ആബിദ് കാഞ്ഞങ്ങാട്, അഫ്രീന, നിയാസ് ബേവിഞ്ച, ദിൽഷാദ് പള്ളിക്കര.

മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30 വരെ ഉപ്പളയിലെ മുസ്ലിം ലീഗ് ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം നായന്മാർമൂലയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. കബറടക്കം വൈകിട്ട് ആറിന് കാസർകോട് ആലംബാടി ഖിള്ർ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.