തലശ്ശേരി :നാലര കൊല്ലമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും വനിതകളും ബുദ്ധിജീവികളും ശാസ്ത്രജ്ജരും, മതന്യൂനപക്ഷങ്ങളും ഉൾപെടെ സകലമാന ജനതയും സമരം നടത്തുകയും, വലിയ പ്രക്ഷോഭങ്ങൾ നടന്നുവരികയും ചെയ്യുമ്പോൾ പ്രധാന പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശബരിമലയിൽ കലാപം സൃഷ്ടിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള . സി.എച്ച്.കണാരൻ ദിനാചരണഭാഗമായി പുന്നോലിലെ വീട്ടുവളപ്പിൽ പാർട്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ കേരള സർക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. വിധി നടപ്പാക്കരുതെന്ന് പറയുന്നതിന്റെ അർത്ഥം ഭരണഘടനയെ ലംഘിക്കണമെന്നാണ്.അങ്ങിനെ ചെയ്യുന്നവർക്ക് ഭരിക്കാൻ അർഹതയില്ല. ഇത്തരം ഒരു കെണിയാണ് സംഘ പരിവാറും കോൺഗ്രസും കേരളത്തിൽ ഒരുക്കുന്നത്. അത് നടക്കില്ലെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. ജില്ലാ സിക്രട്ടറി പി.ജയരാജൻ അദ്ധ്യക്ഷനായി. അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ, പുഞ്ചയിൽ നാണു,നഗരസഭ ചെയർമാൻ സി.കെ.രമേശൻ, ഏരിയാ സെക്രട്ടരി എം.സി.പവിത്രൻ, വി.കെ.സുരേഷ് ബാബു സംസാരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.