പയ്യന്നൂർ: ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞ് അറു പിന്തിരിപ്പൻ ശക്തികൾ രണ്ടാം വിമോചന സമരത്തിന് കോപ്പ് കൂട്ടുകയാണെന്നും ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നത്തിൽ വന്ന കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് ഇതിന് ഉപയോഗപ്പെടുത്തുകയാണെന്നും സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു.രണ്ടാം വിമോചന സമരം അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സമരാഗ്‌നി പയ്യന്നൂർ ഷേണായി സ്‌ക്വറിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആർ.എസ്.എസ്.കാർ ഇപ്പോൾ അതെല്ലാം മറച്ച് വെച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഇടത് പക്ഷ സർക്കാറിന് ഭരണ തുടർച്ച കിട്ടുന്നത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ശബരിമലയിൽ ഒരു പ്രത്യേക പ്രായത്തിനിടക്കുള്ള സ്ത്രീകൾ പ്രവേശിക്കാറില്ല എന്നത് ചരിത്ര വിരുദ്ധമാണ്. പ്രായ വ്യത്യാസമില്ലാതെ സ്ത്രീകൾ മുൻപ് പ്രവേശിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് പണ്ട് ദേവസ്വം ബോർഡ് ഇറക്കിയ സർക്കുലർ ഇപ്പോൾ കണ്ട് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടി.പി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. പി.പി.അനിഷ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്വാമി സന്ദീപാനന്ദിഗിരി ,
പി.സന്തോഷ്.കെ.പി.മധു,സി.സത്യപാലൻ, വി.കെ.സനോജ്, സരിൻ ശശി, തുടങ്ങിയവർ സംസാരിച്ചു.ജി.ലിജിത്ത് സ്വാഗതം പറഞ്ഞു.വിവിധ ഇടങ്ങളിൽ നിന്ന് കൊണ്ടുവന്ന സമരാഗ്‌നി നവോത്ഥാന സദസ്സിൽ തെളിയിച്ചു.