കാസർകോട്: തിരുമുഖം 2018 മുഖത്തെഴുത്ത് ശില്പശാലയ്ക്ക് ഒരുങ്ങുകയാണ് ബേക്കൽ. തെയ്യം അനുഷ്ഠാന സംരക്ഷണ സംഘവും കാസർകോട് ജില്ലാ പെർഫോമിംഗ് ആർട്ടിസ്റ്റ് ആൻഡ് ഹെർബൽ സഹകരണ സംഘവും സംയുക്തമായാണ് ഇന്നു രാവിലെ മുതൽ ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള കോട്ടക്കുന്ന് അഗസറഹൊള്ള ഗവ. യു.പി സ്കൂളിൽ മുഖത്തെഴുത്ത് ശില്പശാല ഒരുക്കുന്നത്. ശില്പശാലയിൽ ഈ രംഗത്തോടു താല്പര്യമുള്ള അഞ്ചു വയസിനു മുകളിലുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശില്പശാലയിൽ മുഖത്തെഴുത്തിന്റെ ഭാഷയും ചരിത്രവും വിഷയമാക്കി ഡോ. വൈ.വി കണ്ണൻ ക്ലാസെടുക്കും. ഡോ. രാജീവൻ തൃക്കരിപ്പൂർ മോഡറേറ്ററാകും.
വേട്ടക്കൊരുമകൻ, പൂമാരുതൻ, ഊർപഴശ്ശി പ്രാക്കെഴുത്ത്, വൈരജാതൻ , പുളൂരാളി എന്നീ തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്ത് ഗംഗാധരൻ എരമംഗലം, ഷിബു നേണിക്കം, രാജു പാലക്കാട്ട്, പ്രവീൺ കോളംകുളം, ഉമേശൻ നേണിക്കം, രതീഷ് വയലിൽ എന്നിവർ വരച്ച് അതിന്റെ ദൈവിക പശ്ചാത്തലം വിവരിക്കും. വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ വി. കുഞ്ഞിരാമൻ, ജനറൽ കൺവീനർ ഉപേന്ദ്രൻ രാവണീശ്വരം, കെ.വി കുമാരൻ, ചതുർഭുജ കർണ്ണമൂർത്തി, അച്യുതൻ താനൂർ, ഉമേശൻ നേണിക്കം, വി. സുകുമാരൻ എന്നിവർ പങ്കെടുത്തു.