കാസർകോട്: കാസർകോട്ടുകാരുടെ പ്രിയപ്പെട്ട 'റദ്ദുച്ച' യാണ് അന്തരിച്ച പി.ബി അബ്ദുൾ റസാഖ് എം.എൽ.എ. സ്വന്തം ശമ്പളമടക്കം മുഴുവൻ ആനുകൂല്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്ത എം.എൽ.എ മണ്ഡലത്തിലെ ജനങ്ങൾക്ക് കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നു. ഒരു മാസം 50,000 ത്തോളം രൂപ ഈയിനത്തിൽ ലഭിച്ചിരുന്നതായും ഇതെല്ലാം ബാങ്ക് വഴി തന്നെ അശരണർക്കുള്ള ചികിത്സയ്ക്കായി വിതരണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മജീദ് പറയുന്നു. എം.എൽ.എയായി ഏഴു വർഷത്തിലധികം സേവനമനുഷ്ഠിച്ച അദ്ദേഹം ഇതേവരെ ശമ്പള ഇനത്തിലോ മറ്റു ആനുകൂല്യമായോ ഒരു രൂപ പോലും വ്യക്തിപരമായി കൈപറ്റിയിട്ടില്ല. മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ എം.എൽ.എയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയാണ് സഹായം നൽകിവന്നിരുന്നത്. കാൻസർ രോഗികൾ, വൃക്ക രോഗികൾ ഉൾപ്പെടെ മറ്റ് ഗുരുതരമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമായിരുന്നു എം.എൽ.എയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന സഹായം. എം.എൽ.എയുടെ വ്യക്തിപരമായ സഹായം നൽകുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും പി.ബി ശ്രദ്ധിച്ചിരുന്നു.