കാസർകോട്: മുസ്ലിം ലീഗ് നേതാവ് പി ബി അബ്ദുൾ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. രാഷ്ട്രീയപാർട്ടി നേതാക്കൾ, വിവിധ സംഘടനകൾ, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സഅദിയ്യ പ്രസിഡന്റ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ സെക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, സമസ്ത വൈസ് പ്രസിഡന്റ് എം. അലിക്കുഞ്ഞി മുസ്ലിയാർ ശിറിയ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങൾ ബാഹസൻ, എ.പി അബ്ദുല്ല മുസ്ലിയാർ മാണക്കോത്ത്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കെ.പി ഹുസൈൻ സഅദി കെ.സി റോഡ്, ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സലാഹുദ്ദീൻ അയ്യൂബി, അഷ്റഫ് സഅദി ആരിക്കാടി എന്നിവർ അനുശോചിച്ചു.
ഉദുമ: ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ഉദുമ എം.എൽ.എ കെ കുഞ്ഞിരാമൻ പറഞ്ഞു. ലളിതമായ ജീവിത ശൈലിയും എല്ലാവരേയും ആകർഷിക്കുന്ന നർമ്മം തുളുമ്പുന്ന സംസാരരീതിയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നുവെന്നും എം എൽ എ അനുശോചന കുറിപ്പിൽ പറഞ്ഞു. കഠിനാധ്വാനം കൊണ്ട് വളർന്നുവന്ന നേതാവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന കമ്മിറ്റിയും അനുശോചനം അറിയിച്ചു.
ജനഹൃദയങ്ങളിൽ ജീവിച്ച കാസർക്കോടിന്റെ ജനകീയ നേതാവിനെയാണ് പി.ബി.അബ്ദുൾ റസാഖ് എം.എൽ.എയുടെ വിയോഗത്തിലൂടെ നഷ്ടമായത് എന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
കാസർകോട്: പി.ബി. അബ്ദുൾ റസാഖ് എം.എൽ.എയുടെ മരണം ജനപ്രതിബദ്ധതാ രാഷ്ട്രീയത്തിനും, ജീവകാരുണ്യ മേഖലയ്ക്കും തീരാനഷ്ടമാണ് വരുത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ. അബ്ദുൾറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി. സി ബഷീർ, നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം എന്നിവരും അനുശോചിച്ചു.